'ലാലുപ്രസാദ് കുറേ മക്കളെ ഉണ്ടാക്കി, ഇത്രയും മക്കളെ ഉണ്ടാക്കാമോ?’; വിവാദ പരാമർശവുമായി നിതീഷ് കുമാർ

ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോയെന്നും നിതീഷ് ചോദിച്ചു. കതിഹാറിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമർശം. ആർജെഡിയിലെ കുടുംബാധിപത്യത്തെ വിമർശിക്കുന്നതിനിടെയാണ് നിതീഷ് ഒൻപതു മക്കളുള്ള ലാലുവിനെ വ്യക്തിപരമായി ആക്ഷേപിച്ചത് . "മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നപ്പോൾ ഭാര്യയെ ലാലു മുഖ്യമന്ത്രിയാക്കി. ഇപ്പോൾ രണ്ടാൺ മക്കൾക്കു പുറമെ പെൺമക്കളെയും ലാലു രാഷ്ട്രീയത്തിലിറക്കിയെന്നും" നിതീഷ് കുറ്റപ്പെടുത്തി.

ലാലു യാദവിന്റെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. രാജ്യസഭാംഗമായ മിസ ഭാരതി പാടലിപുത്ര മണ്ഡലത്തിലും പുതുമുഖമായ രോഹിണി ആചാര്യ സാരൻ മണ്ഡലത്തിലുമാണ് മൽസരിക്കുന്നത്. ലാലുവിന്റെ രണ്ടാൺമക്കളും നിയമസഭാ അംഗങ്ങളാണ്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻമന്ത്രി തേജ് പ്രതാപ് യാദവും. ലാലുവിന്റെ പത്നി റാബ്റി ദേവി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും. ലാലു–റാബ്റി ദമ്പതികൾക്ക് രണ്ടാൺ മക്കളും ഏഴു പെൺമക്കളുമാണുള്ളത്.

To advertise here,contact us