'വോട്ട് ഫോർ ഇൻഡ്യ' എന്ന് ഖുശ്ബു, പിന്നാലെ വിവാദം; വിശദീകരിച്ച് തലയൂരി ബിജെപി നേതാവ്

ബിജെപി നേതാവ് ഇൻഡ്യ സഖ്യത്തിന് വോട്ട് തേടിയെന്ന തരത്തിൽ പ്രചാരണവും ചർച്ചയും പിന്നാലെ ഉണ്ടായി.

ചെന്നൈ: ‘vote4INDIA’ പോസ്റ്റ് കാരണം പുലിവാല് പിടിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വെള്ളിയാഴ്ച രാവിലെ ചെന്നൈ തേനാംപേട്ടയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷമാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ഖുശ്ബു പോസ്റ്റിട്ടത്. ബിജെപി നേതാവ് ഇൻഡ്യ സഖ്യത്തിന് വോട്ട് തേടിയെന്ന തരത്തിൽ പ്രചാരണവും ചർച്ചയും പിന്നാലെ ഉണ്ടായി.

‘ഇൻഡ്യ രാജ്യത്തി’ന് വോട്ട് അഭ്യർഥിക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഖുശ്ബുവിന്റെ മറുചോദ്യം. പോസ്റ്റിൽ ‘മോദി കാ പരിവാർ’, ‘Votefor400Paar’ എന്നീ വാചകങ്ങളുമുണ്ടായിരുന്നെന്നും അത് ശ്രദ്ധിച്ചില്ലേ എന്നും അവർ ചോദിച്ചു.താൻ ഇപ്പോഴും ബിജെപിയിലാണ്. ഒരിക്കലും ഇൻഡ്യ സഖ്യത്തെ പിന്തുണക്കില്ല. പരാജയഭീതി മൂലമാണ് ചില കേന്ദ്രങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിക്കുന്നതെന്നും ഖുശ്ബു പ്രസ്താവിച്ചു. അനാരോഗ്യംമൂലം ഈ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനില്ലെന്ന് ഖുശ്ബു നേരത്തെ അറിയിച്ചിരുന്നു.

'കന്നഡ സംസാരിച്ചതിന് ആക്രമിച്ചു'; ബംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം നേരിട്ടെന്ന് സിനിമാ താരം

To advertise here,contact us