രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണ് ; മോദിയെ പുടിനുമായി താരതമ്യം ചെയ്ത് ശരദ് പവാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിൽ വ്യത്യാസമില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ

സോലാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ. മാധ, സോലാപൂർ ലോക്സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ചർച്ച ചെയ്യാൻ മുൻ ഉപമുഖ്യമന്ത്രി വിജയ്സിംഗ് മൊഹിതേ പാട്ടീലിൻ്റെ വസതി സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പവാർ. പ്രതിപക്ഷത്തേക്ക് ആരും കടന്നുവരുന്നത് മോദി ഇഷ്ട്ടപ്പെടുന്നില്ലെന്നും പുടിനെ പോലെ തന്നെ പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനാണ് മോദിയും ശ്രമിക്കുന്നത് എന്നും പവാർ വിമർശിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയെ കുറിച്ച് ചോദിച്ചപ്പോൾ,' അവരുടെ പ്രകടന പത്രികയെക്കുറിച്ച് പ്രതികരിക്കാൻ ഇത് ശരിയായ സമയമല്ല, എന്നിരുന്നാലും, വാഗ്ദാനങ്ങൾ നൽകുന്നത് ബിജെപിയുടെ പ്രത്യേകതയാണ്' എന്നാണ് പവർ പറഞ്ഞത്. കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ, വിജയ്സിംഗ് മൊഹിതേ പാട്ടീൽ , പ്രതിപക്ഷ മുന്നണിയിലെ മറ്റ് പ്രമുഖ പാർട്ടി നേതാക്കളും പങ്കെടുത്ത ചർച്ചയിൽ മാധ, സോലാപൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായി എന്നാണ് റിപ്പോർട്ട് . ഏപ്രിൽ 16 ന് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുമെന്നാണ് പ്രതിപക്ഷ മുന്നണി അറിയിച്ചത്.

To advertise here,contact us