മക്കളോടുള്ള സ്നേഹം ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടാക്കി;ഉദ്ധവിനോടും ശരദ് പവാറിനോടും അമിത് ഷാ

വ്യാഴാഴ്ച മഹാരാഷ്ട്രയിൽ നടന്ന മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിൽ മഹാ വികാസ് അഘാഡി സഖ്യത്തെ 'യോജിക്കാത്ത സ്പെയർ പാർട്സുകളുള്ള ഓട്ടോറിക്ഷ' എന്ന് അമിത്ഷാ കളിയാക്കിയിരുന്നു

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയും പിളരാൻ കാരണം മകനോടും മകളോടുമുള്ള സ്നേഹമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ സകോലിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രതിപക്ഷ സഖ്യകക്ഷികളായ ഉദ്ധവ് താക്കറെയുടെ ശിവസേനയുടെയും ശരദ് പവാറിന്റെ എൻസിപിയുടെയും കോൺഗ്രസിന്റെയും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ അമിത് ഷാ വിമർശിച്ചത്.

'ശിവസേനയിലെ പിളർപ്പിന് കാരണം ഉദ്ധവ് താക്കറെയ്ക്ക് മകൻ ആദിത്യ താക്കറയോടും എൻസിപിയിലെ പിളർപ്പിന് കാരണം ശരദ്പവാറിന് മകൾ സുപ്രിയ സുലെയോടുമുള്ള സ്നേഹകൂടുതലായിരുന്നു. പാർട്ടിയെ സംരക്ഷിക്കുന്നതിന് പകരം മക്കളെ സംരക്ഷിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും' അമിത് ഷാ വിമർശിച്ചു. ബിജെപിയെ തകർക്കുക എന്ന ഒറ്റലക്ഷ്യമാണ് പ്രതിപക്ഷ കക്ഷിയിലെ മൂന്ന് പാർട്ടികൾക്കുമുള്ളതെന്നും ഏതെങ്കിലും തരത്തിൽ ഈ പാർട്ടികൾ തമ്മിൽ ഐക്യമുണ്ടെന്ന് കരുതില്ലെന്നും മഹാരാഷ്ട്രയുടെ ഭാവിയിൽ ഈ മൂന്ന് പാർട്ടികൾക്കും ഒന്നും ചെയ്യാനില്ലെന്നും അമിത് ഷാ പറഞ്ഞു.

വ്യാഴാഴ്ച മഹാരാഷ്ട്രയിൽ നടന്ന മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിൽ മഹാ വികാസ് അഘാഡി സഖ്യത്തെ 'യോജിക്കാത്ത സ്പെയർ പാർട്സുകളുള്ള ഓട്ടോറിക്ഷ' എന്ന് അമിത്ഷാ കളിയാക്കിയിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി 'ഡ്യൂപ്ലിക്കേറ്റ് ശിവസേന ' എന്ന് വിളിച്ചതും വിവാദമായിരുന്നു.

To advertise here,contact us