പ്രധാനമന്ത്രിയെയും 'മോദി ഗ്യാരന്റി'യേയും വെല്ലുവിളിച്ച് സ്റ്റാലിന്

'ബിജെപി തമിഴ്നാട്ടില് തങ്ങള്ക്കൊരു എതിരാളിയേ അല്ല'

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി ഇന്ന് തമിഴ്നാട്ടില് സന്ദര്ശനത്തിനെത്തിയ നരേന്ദ്രമോദി ഡിഎംകെക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജയലളിതയെ അനുസ്മരിച്ച്, ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നുവെന്നതടക്കമുള്ള രൂക്ഷ പരാമര്ശമാണ് മോദി നടത്തിയത്. ഇതിനു മറുപടിയായി മോദിയേയും ബിജപിയേയും പ്രധാനമന്ത്രിയുടെ 'മോദി ഗ്യാരന്റി'യേയും വെല്ലുവിളിച്ചാണ് സ്റ്റാലിന് 'എക്സി'ല് കുറിപ്പിട്ടത്.

2019ലെ തിരഞ്ഞെടുപ്പില് 3.7 ശതമാനത്തില് താഴെയും 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പില് മൂന്നില് താഴെയും വോട്ടുകള് നേടിയ ബിജെപി തമിഴ്നാട്ടില് തങ്ങള്ക്കൊരു എതിരാളിയേ അല്ലെന്നാണ് സ്റ്റാലിന്റെ വാദം. ബിജെപി തിരഞ്ഞെടുപ്പില് വിജയിച്ചാല് പൗരത്വ നിയമത്തില് വിജ്ഞാപനം ചെയ്ത ഭേദഗതികള് പിന്വലിക്കാനും ദുരന്ത നിവാരണ ഫണ്ട് ഉടനടി വിതരണം ചെയ്യാനും സ്റ്റാലിന് വെല്ലുവിളിച്ചു. സീസണില് പക്ഷികള് വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില് കറങ്ങുന്നുവെന്നും സ്റ്റാലിന് പരിഹസിച്ചു. നിങ്ങളുടെ 'വാറന്റി' വീണ്ടും കാവി പുരണ്ട അഴിമതി പുരട്ടുന്ന 'മെയ്ഡ് ഇന് ബി.ജെ.പി' വാഷിംഗ് മെഷീനായി തുറന്നുകാട്ടപ്പെടുന്നുവെന്നും സ്റ്റാലിന് മുന്നറിയിപ്പ് നല്കി.

അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റില് നിന്ന് തമിഴ്നാടിനെ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുക്കണം. പരീക്ഷയുടെ കടുത്ത വിമര്ശകരാണ് തമിഴ്നാട്. വിദ്യാഭ്യാസം സംബന്ധിച്ച് സംസ്ഥാനങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നതിനാല് ഏകജാലക പൊതുപരീക്ഷ ഫെഡറല് തത്വങ്ങളെ ലംഘിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചു. പെട്രോള്, ഡീസല്, പാചക വാതക സിലിണ്ടര് വില കുറക്കാനും കര്ഷകര്ക്ക് മിനിമം താങ്ങുവില നല്കാനും സൈന്യത്തിന്റെ അഗ്നിപഥ് പദ്ധതി റദ്ദാക്കാനും മോദിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില് ഡിഎംകെ നല്കിയ വാഗ്ദാനങ്ങള് പ്രതിഫലിപ്പിക്കുന്നതാണ് 'ഗ്യാരണ്ടി'യുടെ നീണ്ട പട്ടിക. പൗരത്വ ഭേദഗതി നിയമം പിന്വലിക്കുമെന്നും മൊത്തത്തില് ബിജെപിയുടെ 'ജനവിരുദ്ധ നിയമങ്ങള്' അവലോകനം ചെയ്യുമെന്നും ഡിഎംകെ ജനങ്ങള്ക്ക് ഉറപ്പു നല്കിയിട്ടുണ്ട്. ഇത് ഡിഎംകെ പ്രകടനപത്രികയല്ല. ഇത് ജനങ്ങളുടെ പ്രകടനപത്രികയാണെന്നും സ്റ്റാലിന് പ്രതികരിച്ചു.

To advertise here,contact us