ബാലാഘട്ട്: രണ്ട് പ്രത്യയശാസ്ത്രം പിന്തുടരുന്നവര് ഒരു വീട്ടില് കഴിയുന്നത് അസഹനീയമാണോ?, വല്ല്യതരക്കേടില്ലായെന്ന് തോന്നുന്നു. പക്ഷെ മധ്യപ്രദേശിലെ ബാലാഘട്ടില് നിന്നും കഴിഞ്ഞ ദിവസം വന്ന വാര്ത്ത വ്യത്യസ്തമായിരുന്നു. ബിഎസ്പി ലോക്സഭാ സ്ഥാനാര്ത്ഥിയായ കണ്കര് മുന്ജാരെ കോണ്ഗ്രസ് എംഎല്എയായ തന്റെ ഭാര്യ അനുഭ മുന്ജാരെ താമസിക്കുന്ന വീട്ടില് നിന്നും ഇറങ്ങി മറ്റൊരിടത്തേക്ക് താമസം മാറ്റി. ലോക്സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തില് രണ്ട് പ്രത്യയശാസ്ത്രം പിന്തുടരുന്നവര് ഒരേ വീട്ടില് കഴിയേണ്ടതില്ലെന്നും ഒത്തുകളി ആരോപണം ഉയരാനുള്ള സാധ്യതയും കണക്കിലെടുത്തായിരുന്നു നീക്കം.
എന്നാല് നേരത്തെയൊന്നും ഇത്തരമൊരു പതിവില്ലെന്നാണ് അനൂഭയുടെ അഭിപ്രായം. തനൊരു വിശ്വസ്തയായ കോണ്ഗ്രസ് പ്രവര്ത്തകയാണ്. മണ്ഡലത്തില് കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തും. എന്നാല് പ്രചാരണ വേളയില് ഭര്ത്താവിനെക്കുറിച്ച് മോശമായി സംസാരിക്കില്ലെന്നും അനൂഭ പറയുന്നു.
എന്നാല് ഇത്തരത്തില് വ്യത്യസ്തമാവുന്ന മറ്റ് രണ്ട് മണ്ഡലങ്ങള് കൂടി ചര്ച്ചയാവുകയാണ്. ഒരെണ്ണം മുന് മുഖ്യമന്ത്രി കമല്നാഥിന്റെ മകന് മത്സരിക്കുന്ന ചിന്ദ്വാരയും മറ്റൊന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന ഗുണയുമാണ്. ചിന്ദ്വാരയില് മുന് മുഖ്യമന്ത്രി കമല്നാഥിന്റെ വിശ്വസ്തനായിരുന്ന ദീപക് സക്സേനയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടായി കമല്നാഥിന്റെ വിശ്വസ്തനായിരുന്ന ദീപക് കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില് ചേര്ന്നത്. ഇവിടെ ദീപകും അദ്ദേഹത്തിന്റെ ഇളയ മകന് അജയ് സക്സേനയും ബിജെപി സ്ഥാനാര്ത്ഥി വിവേക് സാഹുവിന് വേണ്ടി പ്രചാരണത്തില് സജീവമാകുമ്പോള് മൂത്ത മകന് ജയ് നകുലിനൊപ്പം കോണ്ഗ്രസില് പ്രചാരണ രംഗത്ത് ശക്തമാണ്.
ഗുണ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല, ഇവിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മത്സരരംഗത്തുള്ളത് റാവു യാദവേന്ദ്ര സിംഗ് യാദവാണെങ്കില് അദ്ദേഹത്തിന്റെ ഇളയ സഹോദരന് റാവു അജയ് പ്രതാപ് സിംഗ് യാദവ് സിന്ധ്യയ്ക്കൊപ്പം പ്രചാരണത്തില് സജീവമാണ്. ബാലഘട്ടിലും ചിന്ദ്വാരയിലും ഏപ്രില് 19 നാണ് വോട്ടെടുപ്പെങ്കില് ഗുണയില് മൂന്നാം ഘട്ടത്തില് മെയ് 7 നാണ് വോട്ടെടുപ്പ് നടക്കുന്നത്.