അടിസ്ഥാന സൗകര്യങ്ങളില്ല ; വിജയവാഡ എൻഐഡി സർവ്വകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം

ആന്ധ്രാപ്രദേശിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രക്ഷോഭ സമരവുമായി വിദ്യാർഥികൾ രംഗത്ത്.

വിജയവാഡ : ആന്ധ്രാപ്രദേശിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രക്ഷോഭ സമരവുമായി വിദ്യാർഥികൾ രംഗത്ത്. കോളേജിലും ഹോസ്റ്റലിലും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമുണ്ടെന്നും അധികൃതര് കൃത്യമായ ഇടപെടലുകള് നടത്തുന്നില്ലെന്നും ആരോപിച്ചാണ് തിങ്കളാഴ്ച മുതല് വിദ്യാർഥികൾ പഠനം മുടക്കി സമരം തുടങ്ങിയത്. കാന്റീനിലെ ഭക്ഷണത്തിന്റെ മോശം അവസ്ഥയും വിദ്യാർഥികൾ ചൂണ്ടി കാണിക്കുന്നു.

2015-ല് പ്രവര്ത്തനം ആരംഭിച്ച സ്ഥാപനത്തിന് സ്വന്തമായി കെട്ടിടമോ ഹോസ്റ്റലോ ഉണ്ടായിരുന്നില്ല. 2023-വരെ മറ്റൊരു കെട്ടിടത്തിലാണ് കോളേജ് പ്രവര്ത്തിച്ചിരുന്നത്. പിന്നീട് നിർമ്മാണം പൂർത്തിയാകാത്ത മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.

കെട്ടിടത്തിൽ നിർമാണപ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഹോസ്റ്റലില് കുടിവെള്ളത്തിന്റെ പരിമിതിയുണ്ടെന്നും നിരവധി വിദ്യാര്ഥികള്ക്ക് ഭക്ഷ്യവിഷബാധയേല്ക്കുന്ന സാഹചര്യമുണ്ടായെന്നും വിദ്യാര്ഥികള് ആരോപിക്കുന്നു.

കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വിഷയത്തില് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് വിദ്യാര്ഥികളുടെ വാദം. വേനല്ക്കാലത്ത് ക്ലാസുകള് ഓണ്ലൈനാക്കണമെന്ന ആവശ്യവും അവര് മുന്നോട്ടുവെക്കുന്നു. വിദ്യാർഥികളിൽ നിരവധി മലയാളികളുമുണ്ട്. മലയാളി വിദ്യാർഥികൾ തന്നെയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

To advertise here,contact us