ശക്തികേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പദം ചർച്ചയാക്കി സിദ്ധാരാമയ്യയും ഡി കെ ശിവകുമാറും

പരമാവധി വോട്ടിന്റെ ഭൂരിപക്ഷം കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് നല്കണമെന്ന് മുഖ്യമന്ത്രി പദവിയുമായി പരോക്ഷമായി ബന്ധപ്പെടുത്തിയാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്

മൈസൂരു: സ്ഥാനത്ത് തുടരുന്നത് ഉറപ്പാക്കാന് ലോക്സഭാ തിരഞ്ഞെടുപ്പില് 60,000 വോട്ടിന്റെ ഭൂരിപക്ഷം നല്കാന് വരുണ മണ്ഡലത്തിലെ തന്റെ വോട്ടര്മാരോട് അഭ്യര്ത്ഥിച്ച് കര്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. കര്ണാടകയില് നേതൃമാറ്റ ഊഹാപോഹങ്ങള് ശക്തമാകുന്നതിനിടെയാണ് കര്ണ്ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. മന്ത്രി മഹാദേവപ്പയുടെ മകന് സുനില് ബോസ് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന ചാമരാജനഗര് ലോക്സഭാ മണ്ഡലത്തിലാണ് സിദ്ധരാമയ്യയുടെ വരുണ നിയമസഭാ മണ്ഡലം വരുന്നത്. മുന്കാലങ്ങളില് കോണ്ഗ്രസ് സ്ഥാനാര്ത്ഥികള്ക്ക് വരുണയില് ലഭിക്കുന്ന ഭൂരിപക്ഷം എടുത്തു പറഞ്ഞായിരുന്നു പരമാവധി വോട്ടിന്റെ ഭൂരിപക്ഷം കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്ക് നല്കണമെന്ന് മുഖ്യമന്ത്രി പദവിയുമായി പരോക്ഷമായി ബന്ധപ്പെടുത്തിയാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്.

അതേസമയം മാണ്ഡ്യയിലെ വൊക്കലിഗ സമുദായത്തിന്റെ സ്വാധീനകേന്ദ്രത്തില് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണവും ശ്രദ്ധേയമായി. എന്നെ മനസ്സില് വച്ചാണ് നിങ്ങള് മാണ്ഡ്യ ജില്ലയില് കൂടുതല് സീറ്റുകള് നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് നല്കിയത്. നിങ്ങളുടെ ആഗ്രഹം മാറില്ല. നിങ്ങള് വിഷമിക്കേണ്ടതില്ല എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മുഖ്യമന്ത്രി സ്ഥാനാഭിലാഷം തുറന്ന് പറഞ്ഞ ശിവകുമാര് പാര്ട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷനായിരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നും അന്ന് വൊക്കലിംഗ സമുദായത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്ഷം മെയ് മാസത്തില് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധാരാമയ്യയും ശിവകുമാറും തമ്മില് കടുത്ത മത്സരം നടന്നിരുന്നു. എന്നാല് ഡി കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി പദം നല്കി അനുനയിപ്പിക്കാന് കോണ്ഗ്രസ് ഹൈക്കമാന്ഡിന് സാധിച്ചിരുന്നു. എന്നാല് ആദ്യടേം സിദ്ധാരമയ്യയും പിന്നീട് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകും എന്ന ധാരണയില് എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല് സിദ്ധാരാമയ്യ പിന്നീട് ഇത്തരം ധാരണകളൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

To advertise here,contact us