രാമക്ഷേത്രം ഭരണനേട്ടമാക്കി പ്രധാനമന്ത്രി; അഴിമതിയിൽ പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം

എത്ര ആക്രമിച്ചാലും അഴിമതിക്ക് എതിരെ നടപടികൾ തുടരുമെന്ന് മോദി

ന്യൂഡൽഹി: വികസിത ഭാരതത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഏറ്റവും വലിയ മൂന്നാം സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രഖ്യാപിച്ച മോദി പുതിയ സർക്കാരിൻ്റെ അടുത്ത അഞ്ച് വർഷത്തെ റോഡ് മാപ്പ് തയ്യാറായെന്നും വ്യക്തമാക്കി. തൻ്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ അയോധ്യയിലെ രാമക്ഷേത്രവും ഭരണനേട്ടമായി പ്രധാനമന്ത്രി ഉയർത്തിക്കാണിച്ചു. 'അയോധ്യയിൽ രാമക്ഷേത്രം അസംഭവ്യമെന്ന് കരുതി. എന്നാൽ രാമക്ഷേത്രം പണിതു. ലക്ഷങ്ങൾ ദർശനം നടത്തുന്നു. ഇത്തവണ രാംലല്ലയും ഹോളി ആഘോഷിച്ചു' എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മീററ്റിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മണ്ഡലത്തിലെ സ്ഥാനാർത്ഥിയും രാമായണം സീരിയലിലെ താരവുമായിരുന്ന അരുൺ ഗോവിലും, അടുത്തിടെ എൻഡിഎ സഖ്യത്തിൻ്റെ ഭാഗമായ രാഷ്ട്രീയ ലോക്ദളിൻ്റെ പ്രസിഡൻ്റ് ജയന്ത് ചൗധരിയും വേദിയിലുണ്ടായിരുന്നു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് അഴിമതിക്ക് എതിരെ വലിയ പോരാട്ടത്തിന് തുടക്കമിട്ടുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ മോദി രൂക്ഷ വിമർശനം ഉന്നയിച്ചു. അവർ പറയുന്നു അഴിമതിക്കാരെ രക്ഷിക്കൂ എന്ന്. ഞാൻ പറയുന്നത് അഴിമതി തുടച്ചുനീക്കൂ എന്നാണ്. അഴിമതിക്കാരെ രക്ഷിക്കാൻ വേണ്ടിയാണ് ഇൻഡ്യ മുന്നണി തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയിരിക്കുന്നതെന്നും മോദി പരിഹസിച്ചു. ഇത് കണ്ട് ഭയക്കുമെന്നാണ് ഇവരുടെ തോന്നൽ. എത്ര ആക്രമിച്ചാലും അഴിമതിക്ക് എതിരെ നടപടികൾ തുടരുമെന്നും മോദി വ്യക്തമാക്കി.

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റും പ്രസംഗമധ്യേ നരേന്ദ്ര മോദി പരോക്ഷമായി പരാമർശിച്ചു. വലിയ അഴിമതിക്കാർ ഇന്ന് ജയിലിനുള്ളിലാണ്. അഴിമതിയിലൂടെ പാവങ്ങൾക്ക് നഷ്ടമായ പണം തിരികെ നൽകുമെന്ന് ഉറപ്പാക്കും. അഴിമതിക്കാർ ചെവി തുറന്ന് കേൾക്കൂ, എത്ര ആക്രമിച്ചാലും നടപടികൾ തുടരുമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇൻഡ്യ സഖ്യം രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഇല്ലാതാക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

To advertise here,contact us