ലഖ്നൗ: 2004 ലെ ഉത്തര്പ്രദേശ് ബോര്ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വത്തിന്റെ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാര്ത്ഥി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്ദേശം. നിലവില് മദ്രസകളില് പഠിക്കുന്ന വിദ്യാര്ത്ഥികളെ ഭൗതിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആവിഷ്കരിക്കണമെന്നും ബെഞ്ച് സര്ക്കാരിനോട് നിര്ദേശിച്ചു.
അനുഷ്മാന് സിംഗ് റാത്തോഡ് എന്നയാള് സമര്പ്പിച്ച റിട്ട് ഹര്ജിയിലാണ് ലഖ്നൗ കോടതിയുടെ ഉത്തരവ്. സംസ്ഥാനത്തെ മദ്രസകളുടെ കണക്കെടുപ്പ് നടത്താന് സര്ക്കാര് തീരുമാനിച്ച് മാസങ്ങള്ക്കിപ്പുറമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശത്ത് നിന്നും മദ്രസകള്ക്ക് ലഭിക്കുന്ന ഫണ്ടിന്റെ കണക്കെടുപ്പ് നടത്താന് പ്രത്യേക അന്വേഷണ സംഘത്തെയും 2023 ഒക്ടോബറില് സര്ക്കാര് നിയോഗിച്ചിരുന്നു. രണ്ടംഗ ബെഞ്ചിന്റെ തീരുമാനത്തിന് പിന്നാലെ മദ്രസകള്ക്ക് സര്ക്കാരില് നിന്നും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ധനസഹായവും നിര്ത്തലാക്കുകയും അത്തരം മദ്രസകള് നിര്ത്തലാക്കുകയും ചെയ്തേക്കും.
അതേസമയം വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നും തുടര്നടപടികള് ശേഷം തീരുമാനിക്കുമെന്നും ഉത്തര്പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്ഡ് ചെയര്മാന് ഇഫ്തിഖര് അഹമ്മദ് ജാവേദ് പ്രതികരിച്ചു.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്ഡ് അംഗം മൗലാനാ ഖാലിദ് റഷീദ് ഫാരഗി മഹാലി പ്രതികരിച്ചു.
ആര്ട്ടിക്കിള് 21 പ്രകാരം 14 വയസ്സുവരെയുള്ള കുട്ടികള്ക്ക് ഗുണമേന്മയുള്ളതും നിര്ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പ് നല്കേണ്ടതുണ്ട്. ഇതടക്കം ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്വത്തിന്റെ ലംഘനമാണ് മദ്രസ നിയമം എന്നായിരുന്നു ഹര്ജിക്കാരന് ചൂണ്ടികാട്ടിയത്. അതിനാല് മദ്രസാ നിയമം വിദ്യാര്ത്ഥിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടികാട്ടുന്നു.
ഹര്ജിക്കാരെ എതിര്ത്തുകൊണ്ട് സംസ്ഥാന സര്ക്കാര് അഭിഭാഷകന്, മദ്രസ ബോര്ഡ് വിദ്യാര്ത്ഥികള്ക്ക് മത വിദ്യാഭ്യാസവും മതപരമായ നിര്ദ്ദേശങ്ങളും നല്കുന്നുണ്ടെന്നതില് സംശയമില്ല, എന്നാല് ഇന്ത്യന് ഭരണഘടന പ്രകാരം അത്തരം വിദ്യാഭ്യാസം നല്കാന് സംസ്ഥാനത്തിന് മതിയായ അധികാരമുണ്ടെന്ന് വാദിച്ചു. മതവിദ്യാഭ്യാസം നല്കുന്നത് നിയമവിരുദ്ധമല്ല. അതിന് പ്രത്യേകം ബോര്ഡ് ആവശ്യമാണെന്നും അഭിഭാഷകന് വാദിച്ചു. 25,000 മദ്രസകള് പ്രവര്ത്തിക്കുന്ന ഉത്തര്പ്രദേശില് 16,500 എണ്ണവും ഉത്തര്പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്ഡിന് കീഴില് പ്രവര്ത്തിക്കുന്നതാണ്. അതില് തന്നെ 560 മദ്രസകള് സര്ക്കാരില് നിന്നും ആനുകൂല്യങ്ങള് കൈപറ്റുന്നുണ്ട്.