ചെന്നൈ: തമിഴ്നാട്ടില് ലോക്സഭ തിരഞ്ഞെടുപ്പില് മധുര സിപിഐഎം സ്ഥാനാര്ത്ഥി സു വെങ്കടേശന് പ്രചരണം ആരംഭിച്ചു. എക്സ് ഉള്പ്പെടെയുള്ള സോഷ്യല് മീഡിയ അക്കൗണ്ടുകളില് വിവിധ പോസ്റ്ററുകള് പങ്കുവെച്ചാണ് പ്രചരണം ആരംഭിച്ചത്.
വലതുവശത്ത് രാഹുല് ഗാന്ധിയും ഇടതുവശത്ത് എംകെ സ്റ്റാലിനും നടുവില് സു വെങ്കടേശനും ഉള്ള പോസ്റ്റര് ശ്രദ്ധേയമായി. ഇതേ പോസ്റ്ററില് മുന്നണി നേതാക്കളായ ഖാദര് മൊയ്തീന്, തിരുമാവളവന്, കമല്ഹാസന്, വൈക്കോ എന്നിരും പോസ്റ്ററിലുണ്ട്.
#AgainSuVe #Madurai #Election2024 #மீண்டும்சுவெ #மதுரை #INDIA pic.twitter.com/om2I2zNxr4
പ്രമുഖ തമിഴ് നോവലിസ്റ്റും തമിഴ്നാട് മൂര്പ്പോക്ക് എഴുത്താളര് സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ് സു വെങ്കടേശന്. 2011ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സു വെങ്കടശന്റെ 'കാവല് കോട്ടം' എന്ന തമിഴ് നോവലിനായിരുന്നു. 28 വര്ഷമായി പാര്ട്ടി മുഴുവന് സമയ പ്രവര്ത്തകനായ വെങ്കടേശന് സിപിഐഎം സംസ്ഥാന സമിതി അംഗമാണിപ്പോള്.
മധുരക്ക് പുറമെ ദിണ്ടിഗലിലാണ് സിപിഐഎം മത്സരിക്കുന്നത്. 2019ല് സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഡിഎംകെ ജയിച്ച മണ്ഡലമാണിത്. ഡിഎംകെയുടെ പി വേലുസ്വാമി 5.38 ലക്ഷം വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപി ഐഎം ജില്ലാ സെക്രട്ടറി സച്ചിദാനന്ദമാണ് ഇവിടെ സിപിഐഎം സ്ഥാനാര്ത്ഥി.