ആന്ധ്രയിലും ഒഡീഷയിലും അരുണാചലിലും സിക്കിമിലും നിയമസഭ തിരഞ്ഞെടുപ്പ്; തിയതി പ്രഖ്യാപിച്ചു

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തിയതികളും പ്രഖ്യാപിച്ചു. 60 നിയമസഭാ സീറ്റുകളുള്ള അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 നാണ് വോട്ടെടുപ്പ്. 32 നിയമസഭാ സീറ്റുകളുള്ള സിക്കിമിലും ഏപ്രിൽ 19 ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13ന് നടക്കും. ജൂൺ നാലിനാണ് എല്ലായിടത്തെയും വോട്ടെണ്ണുന്നത്. ഒഡീഷയിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 42 സീറ്റുകളിലേക്ക് മെയ് 25 നും 42 സീറ്റുകളിലേക്ക് ജൂൺ ഒന്നിനും വോട്ടെടുപ്പ് നടക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ പത്രികാ സമര്പ്പണം മാര്ച്ച് 28ന് തുടങ്ങി ഏപ്രില് നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില് അഞ്ചിനാണ്. നോമിനേഷൻ പിന്വലിക്കാനുള്ള അവസാന തീയതി ഏപ്രില് എട്ടിനാണ്.

രാജ്യം പൊതു തിരഞ്ഞെടുപ്പിലേയ്ക്ക്: കേരളത്തില് ഏപ്രിൽ 26ന്, വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായി

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല് നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. രാജ്യത്തെ 97 കോടി വോട്ടർമാരാണ് ഏഴുഘട്ടത്തിലായി നടക്കുന്ന വോട്ടെടുപ്പിൽ പങ്കാളികളാവുക. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ്ങ് സൗകര്യം ഏര്പ്പെടുത്തും. കരാർ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കും. പോളിങ്ങ് ബൂത്തുകളിൽ കേന്ദ്ര സേനയെ ഉൾപ്പെടെ സുരക്ഷയ്ക്കായി നിയോഗിക്കും. ബൂത്തുകളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പിൽ മണിപവറും മസിൽ പവറും അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വോട്ടിന് പകരം മദ്യവും പണവും നൽകുന്നത് തടയുമെന്നും ഓൺലൈൻ പണമിടപാട് നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

To advertise here,contact us