ഇലക്ടറല് ബോണ്ട് കേസ്; വിശദാംശങ്ങള് എസ്ബിഐ ഇന്ന് കൈമാറണം

ഇന്ന് വിശദാംശങ്ങള് നല്കുവാന് സാധിച്ചില്ലെങ്കില് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് സുപ്രീംകോടതി മുന്നറിയിപ്പ്

ന്യൂഡല്ഹി: ഇലക്ടറല് ബോണ്ട് വിശദാംശങ്ങള് എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്പ് വിശദാംശങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇലക്ടറല് ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള് പ്രത്യേകം സമര്പ്പിച്ചാല് മതി എന്നാണ് കോടതി നിര്ദേശം. ഇന്ന് വിശദാംശങ്ങള് നല്കുവാന് സാധിച്ചില്ലെങ്കില് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

എസ്ബിഐ വിവരങ്ങള് കൈമാറിയാല് വിശദാംശങ്ങള് വെള്ളിയാഴ്ച അഞ്ച് മണിക്ക് മുന്പ് തിരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല് 2022 മാര്ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള് വഴി ബിജെപിക്ക് ലഭിച്ചപ്പോള് മുഖ്യപ്രതിപക്ഷമായ കോണ്ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു.

അതിനിടെ ഇലക്ടറല് ബോണ്ട് കേസില് എസ്ബിഐയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല് രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള് പരസ്യപ്പെടുത്താന് സാവകാശം ആവശ്യപ്പെട്ട് സമര്പ്പിച്ച ഹര്ജി സുപ്രീംകോടതി തള്ളിയിരുന്നു.

ഇലക്ടറല് ബോണ്ട് കേസ്: എസ്ബിഐയുടെ അപേക്ഷ തള്ളി, സാവകാശമില്ല

എസ്ബിഐ കൈമാറുന്ന വിവരങ്ങള് തിരഞ്ഞെടുപ്പ് കമ്മീഷന് മാര്ച്ച് 15നകം പരസ്യപ്പെടുത്തണമെന്നും കോടതി നിര്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. കോടതിയലക്ഷ്യ നടപടികള് തല്ക്കാലം ആരംഭിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല് എസ്ബിഐ വിശദീകരണം നല്കണം.

എസ്ബിഐയ്ക്കെതിരെ രൂക്ഷവിമര്ശനമാണ് കോടതി ഉന്നയിച്ചത്. എസ്ബിഐ മനഃപ്പൂര്വ്വം കോടതി നടപടികള് അനുസരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവരങ്ങള് നല്കാന് എസ്ബിഐക്ക് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പ്രവര്ത്തന സമയത്തിനുള്ളില് വിവരങ്ങള് നല്കണം. എസ്ബിഐ ചെയര്മാനും എംഡിക്കും നോട്ടീസ് നല്കിയിട്ടുണ്ട്. എസ്ബിഐ ഇന്ന് വൈകിട്ട് വിവരങ്ങള് നല്കിയില്ലെങ്കില് കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

വിധി പ്രസ്താവിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും വിധി നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്നും കോടതി ചോദിച്ചു. വിവരങ്ങള് പരസ്യപ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വിവരങ്ങള് പരസ്യമാക്കരുതെന്നാണ് നിബന്ധനയെന്നായിരുന്നു എസ്ബിഐയുടെ മറുപടി. ബോണ്ട് വാങ്ങുന്നതിന് കെവൈസി നല്കുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. പരസ്യപ്പെടുത്താന് എന്തൊക്കെ നടപടികള് സ്വീകരിച്ചുവെന്ന് ചോദിച്ച ചീഫ്ജസ്റ്റിസ്, നടപടി വിവരങ്ങള് അപേക്ഷയിലില്ലെന്നും വിമര്ശിച്ചു.

ഇലക്ടറൽബോണ്ട് വിധി: രാഷ്ട്രീയ അഴിമതി അവസാനിപ്പിക്കാൻ സഹായിക്കുന്ന നിർണായക ചുവടെന്ന് സീതാറാം യെച്ചൂരി

ബോണ്ട് സംബന്ധിച്ച വിവരങ്ങള് മുംബൈയിലെ പ്രധാന ബ്രാഞ്ചില് ഇല്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാര്ട്ടികള്ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള് എസ്ബിഐയുടെ പക്കലുണ്ട്. വിവരങ്ങള് എളുപ്പത്തില് ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

ഇലക്ടറല് ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാര്ട്ടികളുടെയും വിവരങ്ങള് സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതല് സമയം ആവശ്യമാണെന്ന് എസ്ബിഐ കോടതിയില് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയത് ആരൊക്കെയെന്ന് ഉടന് പറയാമെന്നും എന്നാല് ഏതൊക്കെ പാര്ട്ടിക്ക് പണം കിട്ടിയെന്ന് പറയാന് സമയം വേണമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. എന്നാല് ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

To advertise here,contact us