എന്റെ എതിരാളിയായി മത്സരിക്കൂ...; മമതയെ വെല്ലുവിളിച്ച് അധിര്രജ്ഞന് ചൗധരി

യൂസുഫ് പഠാനെ വിജയിപ്പിക്കണമെന്ന ഉദ്ദേശമായിരുന്നു മമതാ ബാനര്ജിക്കെങ്കില് ഗുജറാത്തില് സീറ്റ് നല്കണമായിരുന്നുവെന്ന് അധിര്രജ്ഞന് ചൗധരി

കൊല്ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില് തന്റെ എതിരാളിയായി മത്സരിക്കാന് മുഖ്യമന്ത്രി മമതാ ബാനര്ജിയെ വെല്ലുവിളിച്ച് പശ്ചിമബംഗാള് കോണ്ഗ്രസ് അധ്യക്ഷന് അധിര് രജ്ഞന് ചൗധരി. അധിര് രജ്ഞന് ചൗധരിയുടെ മണ്ഡലമായ ബെഹ്റാംപൂരില് മുന് ക്രിക്കറ്റ് താരം യൂസുഫ് പഠാനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വെല്ലുവിളി.

'രാജ്യത്ത് ആര്ക്കും എവിടെ വേണമെങ്കിലും വോട്ട് ചെയ്യാനുള്ള അധികാരമുണ്ട്. മമതയ്ക്ക് വേണമെങ്കില് ഗോവയില് നിന്നും ജനവിധി തേടാം. പ്രശ്നമില്ല. ഒരിക്കലെങ്കിലും മമത എനിക്കെതിരെ മത്സരിക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു. അതിനായി ഞാന് മമതയെ വെല്ലുവിളിക്കുന്നു.' അധിര് രജ്ഞന് ചൗധരി പറഞ്ഞു.

യൂസുഫ് പഠാനെ വിജയിപ്പിക്കണമെന്ന ഉദ്ദേശമായിരുന്നു മമതാ ബാനര്ജിക്കെങ്കില് ഇന്ഡ്യാസഖ്യവുമായി ചര്ച്ച ചെയ്ത് അദ്ദേഹത്തിന് ഗുജറാത്തില് സീറ്റ് നല്കണമായിരുന്നുവെന്നും അധിര്രജ്ഞന് ചൗധരി പറഞ്ഞു. പശ്ചിമബംഗാളില് സാധാരണക്കാരെ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് മമതാ ബാനര്ജിയുടെ ശ്രമമെന്നും അധിര്രജ്ഞന് ചൗധരി പറഞ്ഞു. ഇന്ഡ്യാ സഖ്യത്തില് തുടര്ന്നാല് പ്രധാനമന്ത്രി മോദി അസന്തുഷ്ടനാകുമെന്ന ഭയത്തിലാണ് മമത ബാനര്ജിയെന്ന രൂക്ഷവിമർശനവും അധിര്രജ്ഞന് ചൗധരി ഉയർത്തി.

To advertise here,contact us