ഹിമാചലിൽ പന്ത് ഹൈക്കമാന്ഡിൻ്റെ കോർട്ടിൽ; കേന്ദ്ര നിരീക്ഷകരുടെ റിപ്പോര്ട്ട് ഇന്ന് കൈമാറും

വിമത എംഎല്എമാര് മുന്നോട്ട് വെച്ച പ്രശ്നങ്ങള് പരിഹരിക്കാം എന്ന ഉറപ്പിലാണ് നിലവിലെ വെടിനിര്ത്തല്.

ഷിംല: ഹിമാചല് പ്രദേശിലെ സാഹചര്യം വ്യക്തമാക്കുന്ന റിപ്പോര്ട്ട് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷകര് ഇന്ന് ഹൈക്കമാന്ഡിന് സമര്പ്പിക്കും. നിരീക്ഷകരുടെ റിപ്പോര്ട്ട് പരാഗണിച്ചാകും സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളില് ദേശീയ നേതൃത്വം തീരുമാനം എടുക്കുക.

വിമത എംഎല്എമാര് മുന്നോട്ട് വെച്ച പ്രശ്നങ്ങള് പരിഹരിക്കാം എന്ന ഉറപ്പിലാണ് നിലവിലെ വെടിനിര്ത്തല്. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില് റിപ്പോര്ട്ടില് ഉടന് തീരുമാനം ഉണ്ടാകും. സര്ക്കാര് രൂപികരണ നീക്കങ്ങള് ബിജെപിയും തുടരുകയാണ്. പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറിന്റെ നേതൃത്വത്തില് ബിജെപി എംഎല്എമാര് വീണ്ടും ഗവര്ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഹൈക്കമാന്ഡ് നിരീക്ഷകരായ ഡി കെ ശിവകുമാര്, ഭൂപീന്ദര് ഹൂഡ, ഭൂപേഷ് ബാഗേല് എന്നിവര് ഷിംലയില് വിളിച്ച നിയമസഭ കക്ഷി യോഗത്തിലാണ് നാടകീയ നീക്കങ്ങള്ക്ക് പരിഹാരമായത്. വിമത എംഎല്എമാര് ഉയത്തിയ പ്രശ്നങ്ങള് പരിഹരിക്കാമെന്ന ഹൈക്കമാന്ഡ് ഉറപ്പ് നിരീക്ഷകര് എംഎല്എമാരെ അറിയിക്കുകയായിരുന്നു. ഹൈക്കമാന്ഡ് ഉറപ്പില് എംഎല്എമാര് സര്ക്കാരിന് ഒപ്പമുണ്ടാകുമെന്ന് അറിയിക്കുകയായിരുന്നു.

ചര്ച്ചകള്ക്ക് പിന്നാലെ സര്ക്കാര് സുരക്ഷിതമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര് സിംഗ് സുഖു വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജിവെച്ച തീരുമാനം ഹൈക്കമാന്ഡ് തള്ളിയതോടെ നിലപാടില് നിന്ന് പിന്മാറുന്നതായി വിക്രമാദിത്യ സിംഗ് അറിയിച്ചതോടെ കോണ്ഗ്രസ് പാളയത്തില് സാഹചര്യം കൂടുതല് ആശ്വാസത്തിലേക്ക് പോയി. സുഖ് വീന്ദര് സിംഗ് സുഖു രാജിവെക്കണമെന്ന് ആവശ്യമായിരുന്നു എംഎല്എമാര് പ്രധാനമായും ഉയര്ത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ചുമതല വിക്രമാദിത്യ സിംഗിലേക്ക് പോകും.

To advertise here,contact us