കർഷകസമരം: ചില അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ, നിർദേശം ഭാഗികമായി തള്ളി എക്സ്

അഭിപ്രായ സ്വാതന്ത്ര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് കമ്പനി വിശദീകരിച്ചു. നിയന്ത്രണങ്ങളുള്ളതിനാൽ കേന്ദ്രത്തിന്റെ നിർദേശം പരസ്യപ്പെടുത്താനാകില്ലെന്നും എക്സ് വ്യക്തമാക്കി.

icon
dot image

ഡൽഹി: ചില അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് തള്ളി. അഭിപ്രായ സ്വാതന്ത്ര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് കമ്പനി വിശദീകരിച്ചു. നിയന്ത്രണങ്ങളുള്ളതിനാൽ കേന്ദ്രത്തിന്റെ നിർദേശം പരസ്യപ്പെടുത്താനാകില്ലെന്നും എക്സ് വ്യക്തമാക്കി. വിഷയത്തിൽ പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

എക്സിലെ ചില അക്കൗണ്ടുകള്ക്കെതിരെയും പോസ്റ്റുകള്ക്കെതിരെയും നടപടി സ്വീകരിക്കാന് കേന്ദ്രസര്ക്കാര് ഉത്തരവിട്ടതായാണ് കമ്പനി വെളിപ്പെടുത്തിയത്. എക്സിന്റെ ഗ്ലോബല് ഗവണ്മെന്റ് അഫയേഴ്സ് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില് മാത്രമായി വിലക്കുമെന്നും എന്നാല് ഇത്തരം നടപടികളോട് തങ്ങള് യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി. കർഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകൾ താൽകാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയിരിക്കുന്ന നിർദേശം.

അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഇന്ത്യന് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഒരു റിട്ട് അപ്പീല് നല്കിയിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കി. നടപടിക്ക് വിധേയമായ അക്കൗണ്ട് ഉടമകളെ ആ വിവരം അറിയിച്ചുവെന്നും എക്സ് പറഞ്ഞു. നിയമപരമായ നിയന്ത്രണങ്ങളുള്ളതിനാൽ സര്ക്കാര് നൽകിയ ഉത്തരവ് പ്രസിദ്ധീകരിക്കാനാവില്ല. എന്നാല് സുതാര്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമായതിനാലാണ് അക്കാര്യം പരസ്യപ്പെടുത്തിയത് എന്നും കമ്പനി വ്യക്തമാക്കി.

കേന്ദ്ര സര്ക്കാരും എക്സും തമ്മില് അക്കൗണ്ടുകളുടെ പേരിൽ വിഷയമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡല്ഹിയില് മുമ്പ് കര്ഷകപ്രക്ഷോഭം നടന്ന സമയത്തും നിരവധി അക്കൗണ്ടുകള് ബ്ലോക്കുചെയ്യാന് കേന്ദ്രസര്ക്കാര് ആവശ്യപ്പെട്ടതായി കമ്പനി കര്ണാടക ഹൈക്കോടതിയില് പറഞ്ഞിരുന്നു. ട്വിറ്റര് എന്നപേരില് മറ്റൊരു മാനേജ്മെന്റിന് കീഴിലായിരുന്നു അന്ന് കമ്പനി. അക്കൗണ്ടുകള് ഒന്നായി ബ്ലോക്കുചെയ്യാന് ഐ ടി ആക്ടിലെ 69 എ വകുപ്പ് നിര്ദേശിക്കുന്നില്ലെന്നും അന്ന് കമ്പനി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമര്ശനത്തിന്റെ പേരില് മാത്രം അക്കൗണ്ടുകള് പൂര്ണമായി നീക്കം ചെയ്യാനാവില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില് സര്ക്കാരിനെ വിമര്ശിക്കാനുള്ള അവകാശംകൂടി ഉള്പ്പെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അന്ന് കമ്പനി നിലപാടെടുത്തിരുന്നു.

To advertise here,contact us