ഡൽഹി: യുവ കർഷകന്റെ കൊലപാതകം ക്രൂരമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്നദാതാക്കൾക്ക് നേരെ വെടിയുതിർത്ത പൊലീസ് നീക്കം അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും പ്രതികരിച്ചു. കേന്ദ്രത്തിന്റെ ഭീഷണി വേണ്ട. കർഷകന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഭഗവന്ത് മൻ പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ ന്യായമാണ്. കേന്ദ്രസർക്കാരിന് തങ്ങളെ ഭീഷണിപ്പെടുത്താനാകില്ല. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്നാണ് ഭീഷണി. 'പഞ്ചാബ് സർക്കാർ കർഷകർക്കൊപ്പം തന്നെ നിൽക്കും. ക്രമസമാധാന തകർച്ചയ്ക്ക് ഹരിയാന പൊലീസാണ് ഉത്തരവാദികൾ. കർഷകരുടെ ആവശ്യം ധാർഷ്ട്യം മാറ്റിവച്ച് കേൾക്കാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക വിരുദ്ധ സർക്കാരാണ് കേരളത്തിലേതെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനം ഈ ദുർഭരണത്തെ തള്ളിക്കളയും. പ്രതിഷേധിക്കുന്ന കർഷകരെ ബിജെപി പരസ്യമായി കൊലപ്പെടുത്തുന്നു. ബിജെപി സർക്കാരിനോട് ജനം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദില്ലി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. കർഷകന്റെ മരണത്തെ തുടർന്നാണ് മാർച്ച് നിർത്തിവെച്ചത്. സമരം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യും. നാളെ ശംഭുവിലെ നേതാക്കളും ഖനൗരിയിലെത്തും. ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
ഖനൗരി അതിർത്തിയിൽ ഹരിയാന കർഷകരുമായുണ്ടായ ഏറ്റുമുട്ടലിലാണ് യുവ കർഷകൻ ശുഭ് കരൺ സിങ് കൊല്ലപ്പെട്ടത്. കണ്ണീർ വാതക സെൽ തലയിൽ വീണാണ് 24 കാരനായ ശുഭ് മരിച്ചതെന്നാണ് കർഷകർ പറയുന്നത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില് പ്രവേശിപ്പിച്ചതായും ഇതില് ഒരാള് കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല് സൂപ്രണ്ട് എച്ച് എസ് രേഖിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ ആരും പ്രതിഷേധത്തിൽ മരിച്ചിട്ടില്ലെന്നാണ് ഹരിയാന പൊലീസ് ആദ്യം നൽകിയ വിശദീകരണം. എന്നാൽ വൈകാതെ ശുഭിന്റെ മരണം സ്ഥിരീകരിച്ചതോടെ രോഷാകുലരായ കർഷകർ വരും ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിച്ചേക്കും.
കർഷകന്റെ മരണം: ദില്ലി ചലോ മാർച്ച് രണ്ട് ദിവസത്തേക്ക് നിർത്തി വച്ചു