ചിരിക്കുമ്പോൾ ഭംഗി തോന്നിക്കാൻ സർജറി; വിവാഹത്തിന് ആഴ്ച്ചകൾ മുൻപ് യുവാവിന് ദാരുണാന്ത്യം

ശസ്ത്രക്രിയയ്ക്കിടെ ലക്ഷ്മി നാരായണ വിഞ്ജം ബോധരഹിതനാവുകയായിരുന്നു.

ഹൈദരാബാദ്: ചിരിക്കുമ്പോൾ സൗന്ദര്യം വർധിപ്പിക്കാൻ വിവാഹത്തിന് മുൻപ് ശസ്ത്രക്രിയ നടത്തിയ യുവാവിന് ദാരുണാന്ത്യം. ഫെബ്രുവരി 16 ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇൻ്റർനാഷണൽ ഡെൻ്റൽ ക്ലിനിക്കിൽ സ്മൈൽ ഡിസൈനിംഗ് നടത്തുന്നതിനിടെയാണ് ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജം മരിച്ചത്.

ശസ്ത്രക്രിയക്ക് മുൻപ് അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണകാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ശസ്ത്രക്രിയയ്ക്കിടെ ലക്ഷ്മി നാരായണ വിഞ്ജം ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിൻ്റെ പിതാവിനെ വിളിച്ച് ജീവനക്കാർ ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞെന്നും പിതാവ് രാമുലു വിഞ്ജം പറഞ്ഞു. എന്നാൽ ശസ്ത്രക്രിയയെക്കുറിച്ച് മകൻ അറിയിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ലക്ഷ്മി നാരായണയെ ഉടൻ തന്നെ കുടുംബം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

ഗോഡ്സെയെ പ്രകീർത്തിച്ച സംഭവം; ഷൈജ ആണ്ടവന് ജാമ്യം

ഒരാഴ്ച മുമ്പായിരുന്നു ലക്ഷ്മി നാരായണയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ച ഡെൻ്റൽ ക്ലിനിക്ക്, 2017 മുതൽ 55-ലധികം അവാർഡുകൾ എന്നിങ്ങനെ ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്.

To advertise here,contact us