'ഉത്പാദന ചെലവ് കൂടുതല്,ഫോണ് കമ്പനികള് ഇന്ത്യയെ അവഗണിച്ചേക്കാം'; ധനമന്ത്രിയോട് രാജീവ് ചന്ദ്രശേഖര്

ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ തുടര്ന്ന് രാജ്യത്തെ ഉത്പാദന ചെലവ് കൂടുതലാണെന്നും കമ്പനികള് ഇന്ത്യയെ അവഗണിക്കാനിടയുണ്ടെന്നുമാണ് കത്തില് പറയുന്നത്.

ന്യൂഡല്ഹി: സ്മാര്ട്ട് ഫോണ് കമ്പനികളുടെ ഉത്പാദനത്തില് പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര് ധനകാര്യമന്ത്രി നിര്മല സീതാരാമന് കത്തയച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട്. ഉയര്ന്ന ഇറക്കുമതി ചുങ്കത്തെ തുടര്ന്ന് രാജ്യത്തെ ഉത്പാദന ചെലവ് കൂടുതലാണെന്നും കമ്പനികള് ഇന്ത്യയെ അവഗണിക്കാനിടയുണ്ടെന്നുമാണ് കത്തില് പറയുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്പാദനം നടക്കുന്ന മറ്റു രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള് ഇന്ത്യയിലെ നിര്മാണ ചെലവ് കൂടുതലാണ്. രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്ന്ന് വിതരണശ്യംഖല ചൈനക്ക് പുറത്തേക്ക് മാറാന് നിര്ബന്ധിതരായിക്കുകയാണ്. നമ്മള് ഇപ്പോള് എന്തെങ്കിലും ചെയ്യണം. അല്ലെങ്കില് അവര് വിയറ്റ്നാമിലേക്കോ മെക്സിക്കോയിലേക്കോ തായ്ലാന്ഡിലേക്കോ പോയേക്കാമെന്ന് കത്തില് പറയുന്നുവെന്ന് റിപ്പോര്ട്ടിലുണ്ട്.

ഇന്ത്യയില് നിര്മ്മിക്കുന്ന ഫോണുകളില് പ്രാദേശികമായി നിര്മിച്ച ഘടകഭാഗങ്ങളില് ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട വലിയ ഘടകങ്ങള് ചൈനയില് നിന്നും മറ്റിടങ്ങളില് നിന്നും ഇറക്കുമതി ചെയ്യുകയാണ്. പ്രാദേശിക നിര്മാതാക്കളെ പിന്തുണക്കുന്നതിനായി ഏര്പ്പെടുത്തിയ ഇറക്കുമതി ചുങ്കത്തിന് വിധേയമാണ് ഈ ഘടകങ്ങള്. ഇത് ആകെ നിര്മാണ ചെലവ് ഉയര്ത്തുന്നു. നികുതി കുറച്ചതിലൂടെ ചൈനയും വിയറ്റ്നാമും എങ്ങനെയാണ് കയറ്റുമതി വര്ധിപ്പിച്ചതെന്നും കത്തില് ചൂണ്ടിക്കാണിക്കുന്നുണ്ട്.

രാജ്യത്തെ സ്മാര്ട്ട്ഫോണ് ഉല്പാദനത്തിന്റെ 25 ശതമാനം മാത്രമാണ് കയറ്റുമതി ചെയ്തത്. ചൈനയില് ഇത് 65 ശതമാനമാണ്. വിയറ്റ്നാമില് 95 ശതമാനവും. വിയറ്റ്നാമും ചൈനയും തങ്ങളുടെ വ്യാപാര പങ്കാളികളില് നിന്നോ സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളില് നിന്നോ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്ക്ക് 10 ശതമാനത്തില് കൂടുതല് താരിഫ് ഈടാക്കാറില്ല. ഇന്ത്യ അത് ചെയ്യുന്നില്ല. ഘടകങ്ങള്ക്ക് ഉയര്ന്ന ഉയര്ന്ന താരിഫ് ചുമത്തുകയാണെന്നും രാജീവ് ചന്ദ്രശേഖര് കത്തില് പറഞ്ഞു.

വര്ഷം 10000 കോടിയിലധികം ഡോളറിന്റെ മൊബൈല് ഫോണ് ഉല്പാദന ശേഷി കൈവരിക്കാനും 50 ശതമാനം കയറ്റുമതിയുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിന് ഇറക്കുമതി ചുങ്കം വലിയൊരു തടസമാണ്. ഈ മത്സരത്തില് മുന്നേറണമെങ്കില് ചൈനയ്ക്കും വിയറ്റ്നാമിനും തുല്യമായ താരിഫ് ഏര്പ്പെടുത്തണമെന്ന നിര്ദേശവും രാജീവ് ചന്ദ്രശേഖര് രേഖപ്പെടുത്തി.

To advertise here,contact us