'രാഹുൽ ഗാന്ധിക്കുള്ള സമ്മാനം'; കോൺഗ്രസ് എംഎൽഎമാര് ബിജെപിയെ പിന്തുണച്ചതില് പ്രതികരണവുമായി ഹിമന്ത

രാഹുലിനുള്ള തന്റെ സമ്മാനമാണ് എംഎൽഎമാരുടെ പിന്തുണയെന്ന് ഹിമന്ത പറഞ്ഞു

ഗുവാഹത്തി: ബിജെപി സർക്കാരിന് മുതിർന്ന നേതാക്കൾ പിന്തുണ വാഗ്ദാനം ചെയ്തതോടെ അസമിൽ കോൺഗ്രസ് പ്രതിസന്ധിയിലായി. നാല് കോൺഗ്രസ് എംഎൽഎമാർ ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പിന്തുണച്ചിട്ടുണ്ടെന്ന് അസം മന്ത്രി പിജൂഷ് ഹസാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്. തുടര്ന്ന് രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തി. രാഹുലിനുള്ള തന്റെ സമ്മാനമാണ് എംഎൽഎമാരുടെ പിന്തുണയെന്ന് ഹിമന്ത പറഞ്ഞു.

“രാഹുൽ ഗാന്ധി തൻ്റെ ആഡംബര ബസിൽ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും അസം-ബംഗാൾ അതിർത്തിയിൽ വിളിച്ചുവരുത്തി, അടുത്ത സമ്മേളനം നടക്കുമ്പോൾ മുഖ്യമന്ത്രിയെ കീറിമുറിക്കണമെന്നും നിയമസഭ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു. ഇല്ലെങ്കിൽ കോൺഗ്രസ് എംഎൽഎമാരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി ഭീഷണിപ്പെടുത്തി”, ഹിമന്ത എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

എന്നാൽ സഭയിൽ വാക്കൗട്ട് പോലും ഉണ്ടായില്ല. അസം സർക്കാരിനെ പിന്തുണച്ചുകൊണ്ട് എംഎൽഎമാർ കോൺഗ്രസിനെ കീറിമുറിക്കുകയാണുണ്ടായതെന്നും ഹിമന്ത പരിഹസിച്ചു. കമലാഖ്യ ഡേ പുർകായസ്ത, ബസന്ത ദാസ് എന്നിവരാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് രംഗത്തെത്തിയത്. തരുൺ ഗോഗോയ് സർക്കാരിൽ മന്ത്രിയായിരുന്നു ബസന്ത ദാസ്. ചൊവ്വാഴ്ചയാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന പുർകായസ്ത സ്ഥാനം രാജിവെച്ചത്. ഇരുവരെയും നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ചു.

To advertise here,contact us