ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. ഈ ആവശ്യം അറിയിച്ച് രേവന്ത് റെഡ്ഢി സോണിയയെ കണ്ടു. ഇന്നലെ വൈകിട്ട് ഡൽഹിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരെങ്കിലും മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് കാരണമായത് സോണിയാഗാന്ധിയാണെന്നും അമ്മയായാണ് തെലങ്കാനയിലെ ജനങ്ങൾ സോണിയയെ കാണുന്നതെന്നുമാണ് രേവന്ത് റെഡ്ഢിയുടെ വാക്കുകൾ.
സമയമാകുമ്പോൾ തീരുമാനിക്കാമെന്നാണ് സോണിയാ ഗാന്ധി പ്രതികരിച്ചതെന്നാണ് രേവന്ത് റെഡ്ഢിയുടെ ഔദ്യോഗിക വാർത്താ കുറിപ്പിൽ പറയുന്നത്. ഡെപ്യൂട്ടി മുഖ്യമന്ത്രി മല്ലു ഭാട്ടി വിക്രമാർക്ക, റവന്യു മന്ത്രി പൊങ്കുലെട്ടി ശ്രീനിവാസ് റെഡ്ഢി എന്നിവരും രേവന്ത് റെഡ്ഢിക്കൊപ്പം ഡൽഹിയിലെത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ട് വച്ച സ്റ്റേറ്റ് ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ എന്നിവയും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. എൽപിജി സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്നും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നുമുള്ള പ്രഖ്യാപനങ്ങളും നടപ്പിലാക്കാനുള്ള നീക്കത്തിലാണെന്നും മുഖ്യമന്ത്രി സോണിയയെ അറിയിച്ചു. ജാതി സെൻസസ് നടത്താനുള്ള നീക്കം ആരംഭിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കാൻ ഉത്തരാഖണ്ഡ്; ഇന്ന് സഭയിൽ അവതരിപ്പിക്കും