'ബിജെപിയെ ഭയന്ന് മമത ബാനർജി അനുദിനം നിലപാട് മാറ്റുന്നു'; വിമര്ശനങ്ങള്ക്ക് മറുപടിയുമായി കോണ്ഗ്രസ്

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

മുർഷിദാബാദ്: ബിജെപിയെ ഭയന്ന് മമത ബാനർജി അനുദിനം നിലപാട് മാറ്റുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത ബാനർജിയുടെ പ്രസ്താവനകളും മാറുന്ന നിലപാടുകളും ബിജെപിയോടുള്ള അവരുടെ ഭയത്തെ സൂചിപ്പിക്കുന്നുവെന്ന് അധിർ രഞ്ജൻ ചൗധരി ആരോപിച്ചു."മുസ്ലീം വോട്ടുകൾ നേടുന്നതിനായി കോൺഗ്രസ് വ്യത്യസ്ത കാര്യങ്ങൾ സംസാരിക്കുന്നുവെന്ന് മമത ബാനർജി ആരോപിക്കുന്നു. കോൺഗ്രസിന് ഒന്നും സാധ്യമല്ലെന്നും ദീദി (മമത) പറയുന്നു. അവരുടെ മനസ്സിലുള്ളത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. പക്ഷേ ഇൻഡ്യ ബ്ലോക്കിലുള്ള ഒരു നേതാവ് ഇത്തരത്തിൽ പറയുന്നത് ദൗർഭാഗ്യകരമാണ്", അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

മമത ബാനർജി ബിജെപിയെ ഭയക്കുന്നുണ്ടെന്ന് തോന്നുന്നു, അതിനാലാണ് അവർ ഓരോ ദിവസവും നിലപാട് മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയമാണെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പരാമർശം. രണ്ട് സീറ്റാണ് കോൺഗ്രസിന് സംസ്ഥാനത്ത് നൽകാമെന്ന് പറഞ്ഞതെന്നും, അത് കോൺഗ്രസ് അംഗീകരിച്ചില്ലെന്നും മമത കുറ്റപ്പെടുത്തി.

'40 സീറ്റെങ്കിലും നേടുമോ എന്ന് സംശയമാണ്, പിന്നെന്തിനാണ് ഈ ധാർഷ്ട്യം?'; കോൺഗ്രസിനെ പരിഹസിച്ച് മമത

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെയും മമത വിമർശിച്ചിരുന്നു. പുതിയൊരു ശൈലി രൂപപ്പെട്ടിട്ടുണ്ട്. ഫോട്ടോ ഷൂട്ടാണ് ഇപ്പോഴെല്ലാം. ഒരു ചായക്കടയിലേക്ക് പോലും മുമ്പ് എത്തിനോക്കാത്തവർ ഇപ്പോൾ ബീഡിത്തൊഴിലാളികൾക്കൊപ്പം ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഇത്തരക്കാർ ദേശാടനപ്പക്ഷികളാണെന്നും രാഹുലിന്റെ ഫോട്ടോയെ വിമർശിച്ച് മമത പറഞ്ഞു.

To advertise here,contact us