ദില്ലി: ജയിലുകളിലെ ജാതി വിവേചനത്തിനെതിരെ കേന്ദ്രത്തിനും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും നോട്ടീസയച്ച് സുപ്രീം കോടതി. ജയിൽ മാനുവലുകളിലൂടെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മാധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്രത്തിനും 11 സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചത്.
കേരളത്തിനു പുറമെ, തമിഴ്നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, തെലുങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസയച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ നോട്ടീസ് അയച്ചിരിക്കുന്നത്.
രാജ്യസഭാതിരഞ്ഞെടുപ്പ്, റിപ്പബ്ലിക് ദിനം; ഇഡിക്ക് മുന്നില് ഹാജരാകാനാവില്ലെന്ന് അരവിന്ദ് കെജ്രിവാള്
സുപ്രധാനമായ ചില പ്രശ്നങ്ങൾ ഹർജിയിൽ ഉന്നയിക്കുന്നുണ്ടെന്നും കേസിൽ സുകന്യക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ് മുരളീധർ ഉന്നയിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിൽ നിന്നുള്ള ജയിൽ മാനുവലുകൾ ക്രോഡീകരിക്കാൻ അഡ്വ. മുരളീധറിനോട് കോടതി ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാനായി മാറ്റി.