ന്യൂഡൽഹി: ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പ്രത്യേക അന്വേഷണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയതിൽ പ്രതികരിച്ച് ഗൗതം അദാനി. 'സത്യം വിജയിച്ചു' എന്നാണ് അദാനി പ്രതികരിച്ചത്. സത്യമേവ ജയതേ, സുപ്രീം കോടതി വിധി അത് തെളിയിച്ചു. തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള സംഭാവനകൾ തുടരുമെന്നും അദാനി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
The Hon'ble Supreme Court's judgement shows that: Truth has prevailed. Satyameva Jayate.I am grateful to those who stood by us. Our humble contribution to India's growth story will continue. Jai Hind.
സെബിയുടെ നിയന്ത്രണാധികാരങ്ങളില് ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമാണെന്ന് അറിയിച്ചുകൊണ്ടുമാണ് കോടതി ഹർജി തള്ളിയത്. അന്വേഷണം സെബിയില് നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങള് മൂന്ന് മാസത്തിനകം പൂര്ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില് സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്.
നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില് മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഹിഡന്ബര്ഗ് റിപ്പോര്ട്ട് സമ്പൂര്ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി ഹര്ജിക്കാരെയും വിമർശിച്ചു. ഹര്ജി മതിയായ ഗവേഷണം നടത്താതെയാണെന്നും കാമ്പില്ലാത്ത റിപ്പോര്ട്ടിനെ ഹര്ജിക്കാര് ആശ്രയിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യമായ തെളിവ് നല്കാന് ഹര്ജിക്കാര്ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്പര്യ ഹര്ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.
അദാനിക്ക് ആശ്വാസം; ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പ്രത്യേക അന്വേഷണമില്ല
2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവിട്ടത്. തുടര്ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന് ഉത്തരവിടുകയായിരുന്നു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില് കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില് ഏര്പ്പെട്ടിട്ടുണ്ടെന്നും ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടില് പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്ട്ടില് ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്ന്നിരുന്നു.