ഡൽഹിയിലെ ഇസ്രയേല് എംബസിയിയുടെ സമീപത്തെ സ്ഫോടനം; നിർണായക തെളിവുകള് ലഭിച്ചു

സംഭവത്തിൽ ഉടന് എഫ്ഐആർ റജിസ്റ്റര് ചെയ്യും

icon
dot image

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേല് എംബസിയുടെ സമീപം നടന്ന സ്ഫോടനത്തില് കേസെടുക്കാന് പാകത്തില് നിര്ണായകമായ തെളിവുകള് ലഭിച്ചതായി പൊലീസ്. സംഭവത്തിൽ ഉടന് എഫ്ഐആർ റജിസ്റ്റര് ചെയ്യും. അന്വേഷണം പൂർണമായും എൻഐഎയ്ക്ക് കൈമാറാനാണ് സാധ്യത. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളുടെ ഫൊറന്സിക് പരിശോധനാഫലം വൈകുകയാണ്. ജാമിയ നഗറില് നിന്ന് ഓട്ടോയിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. ഹിന്ദി സംസാരിക്കാത്ത യുവാവിനെ ഇറക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്തു. കൂടുതൽ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഡല്ഹിയിലെ ഇസ്രയേല് എംബസിക്ക് സമീപത്ത് നിന്ന് പൊട്ടിത്തെറി കേട്ടെന്ന് ബുധനാഴ്ചയാണ് ഫോണ് സന്ദേശം എത്തിയത്. തുടർന്ന് ഡല്ഹി പൊലീസും ഡോഗ് സ്ക്വാഡും, ബോംബ് സ്ക്വാഡും, എന്ഐഎ സംഘവും ശബ്ദം കേട്ടെന്ന് പറയുന്ന പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇസ്രയേല് എംബസിയില് നിന്ന് മീറ്ററുകള് മാത്രം അകലെയാണ് സ്ഫോടനം നടന്ന പ്രദേശം. ഇവിടം പൂര്ണ്ണമായും വിജനമാണ്. തെരച്ചിലില് ഇസ്രയേലി അംബാസിഡര്ക്കുള്ളതെന്ന പേരില് ഒരു കത്ത് കണ്ടെത്തിയിരുന്നു. കത്ത് പൊതിഞ്ഞ ഒരു പതാകയും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. വലിയ പൊട്ടിത്തെറി കേട്ടെന്നും പുകപടലങ്ങള് ഉയര്ന്നെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര് പൊലീസിന് മൊഴി നല്കിയിരുന്നു.

പൊട്ടിത്തെറി സംശയിക്കുന്ന സാഹചര്യത്തില് ഇന്ത്യയിലെ ഇസ്രയേല് പൗരന്മാര്ക്ക് ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്. ജാഗ്രത വേണമെന്ന് ഇസ്രയേല് സുരക്ഷാ കൗണ്സില് അറിയിച്ചു. ഇസ്രയേല് പൗരന്മാര് മാളുകളിലും മാര്ക്കറ്റുകളിലും ആള്ക്കൂട്ടങ്ങള്ക്കിടയിലേക്കും പോകുന്നത് ഒഴിവാക്കണം. പൊതുപരിപാടികളില് പങ്കെടുക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിര്ദേശങ്ങളാണ് നല്കിയിരിക്കുന്നത്.

dot image
To advertise here,contact us