ന്യൂഡൽഹി: പെഗാസസ് സോഫ്റ്റ് വെയർ മാധ്യമ പ്രവർത്തകർക്കെതിരെ ഉപയോഗിച്ചെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. വാഷിങ്ടൺ പോസ്റ്റിന്റെ ഭാവനയാണ് റിപ്പോർട്ടെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് ഏത് ഭരണകൂടമാണെന്ന് ആപ്പിൾ പറയുന്നില്ല. ആപ്പിൾ ഫോണുകളിൽ ഉണ്ടാകുന്ന സുരക്ഷാ മുന്നറിയിപ്പിനെക്കുറിച്ച് കമ്പനിയാണ് വ്യക്തത വരുത്തേണ്ടത്. ആപ്പിൾ അയച്ച സന്ദേശങ്ങൾ സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തോടുള്ള പ്രതികരണമാണ് റിപ്പോർട്ട് എന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ദ് വയർ എഡിറ്റർ സിദ്ധാർഥ് വരദരാജൻ, ഒസിസിആർപി റീജനൽ എഡിറ്റർ ആനന്ദ് മഗ്നാലെ എന്നിവരുടെ ഫോണുകളിൽ പെഗസസ് സാന്നിധ്യം കണ്ടെത്തിയതായി അമേരിക്കൻ മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ആംനെസ്റ്റി ഇന്റർനാഷണലും വാഷിങ്ടൺ പോസ്റ്റും നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
ഫോൺ ചോർത്തൽ അദാനിക്കായെന്ന് രാഹുൽ; ആരോപണം തള്ളി കേന്ദ്രം; ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്ന് ആപ്പിൾ
അതേസമയം പെഗാസസിന് പിന്നിൽ കേന്ദ്ര സർക്കാർ എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. ഫോൺ ചോർത്തലിൽ കേന്ദ്ര സർക്കാർ ഒളിച്ചു കളിക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പെഗാസസ് വിഷയം കേന്ദ്രത്തിനെതിരെ വീണ്ടും ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പെഗാസസ് ചാര സോഫ്റ്റ് വെയര് ഉപയോഗിച്ച് എംപിമാരുടേയും പ്രതിപക്ഷ നേതാക്കളുടെയും ഫോണുകള് ചോര്ത്തിയെന്ന ആരോപണം നേരത്തേ ഉയര്ന്നിരുന്നു. മഹുവ മൊയ്ത്ര, ശശി തരൂർ, സീതാറാം യെച്ചൂരി, പവൻ ഖേര, അഖിലേഷ് യാദവ്, കെ സി വേണുഗോപാൽ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെയടക്കം ഫോൺ ചോർത്തി എന്നായിരുന്നു ആരോപണം.