പ്രധാനമന്ത്രിയുടെ വസതിയിൽ നാളെ ക്രിസ്മസ് വിരുന്ന്

ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് വിരുന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നാളെ ക്രിസ്മസ് വിരുന്ന്. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ യാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് വിരുന്ന്.

ഡിസംബർ 21 മുതൽ ബിജെപിയുടെ സ്നേഹ യാത്ര ആരംഭിച്ചത്. കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്നേഹ യാത്രയുടെ ഭാഗമായി സിറോ മലബാർ സഭയുടെ ആസ്ഥാനം സന്ദർശിച്ചിരുന്നു. സ്നേഹ യാത്രയിൽ രാഷ്ട്രീയമില്ലെന്നും ക്രിസ്തുമസ് ആശംസകൾ എല്ലാവീടുകളിലും അറിയിക്കുക മാത്രമാണ് ലക്ഷ്യം. സാമൂഹ്യ സമരസത, പരസ്പര ഐക്യം, സൗഹാര്ദ്ദം എന്നിവ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

രാമക്ഷേത്രം പ്രചാരണായുധമാക്കാൻ ബിജെപി; പരമാവധി പ്രചാരണം നൽകാൻ മോദിയുടെ നിർദേശം

ക്രിസ്ത്യൻ സമൂഹവുമായി ഇടപഴകാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് സ്നേഹയാത്ര. ക്രൈസ്തവരുടെ വീടുകളിൽ പാർട്ടി പ്രവർത്തകർ സന്ദർശനം നടത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ഡിസംബർ 30 വരെ സ്നേഹ യാത്ര സംഘടിപ്പിക്കാനാണ് തീരുമാനം. ക്രിസ്മസ് ആശംസകൾ കൈമാറുമെന്നും അറിയിച്ചിരുന്നു. മണിപ്പൂർ വിഷയത്തിൻ്റെ പേരിൽ അകൽച്ച കാണിക്കുന്ന കേരളത്തിലെ ക്രിസ്ത്യൻ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് സ്നേഹയാത്ര എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

To advertise here,contact us