ശ്രീനഗര്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയം ഇന്ഡ്യാ സഖ്യത്തിന്റെ പരാജയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് നാഷണല് കോണ്ഫറന്സ് ഉപാധ്യക്ഷന് ഒമര് അബ്ദുള്ള. ഇന്ഡ്യാ സഖ്യത്തിലെ പാര്ട്ടികള് ഒന്നിച്ചല്ല മത്സരിച്ചത്. എല്ലാവരും സ്വതന്ത്രമായി മത്സരിച്ച സ്ഥിതിക്ക് മുന്നണിയുടെ പരാജയമായി കാണുന്നില്ലെന്ന് ഒമര് അബ്ദുള്ള പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില് കോണ്ഗ്രസിനേറ്റ കനത്ത തിരിച്ചടിയിലാണ് പ്രതികരണം.
'ഇന്ഡ്യാ മുന്നണി പരാജയപ്പെട്ടിട്ടില്ല. ഈ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് തിരിച്ചടിയുണ്ടായി. അതിന്റെ കാരണവും അവര്ക്ക് നന്നായി അറിയാം. സഖ്യം ചേര്ന്നല്ല നിയമസഭാ തിരഞ്ഞെടുപ്പില് മത്സരിച്ചത്. പാര്ട്ടികള് ഒറ്റക്കാണ് മത്സരിച്ചത്. കോണ്ഗ്രസിനും, സമാജ്വാദി പാര്ട്ടിക്കും ആംആദ്മി പാര്ട്ടിക്കുമെല്ലാം സ്ഥാനാര്ത്ഥികളുണ്ടായിരുന്നു. സഖ്യം ചേര്ന്ന് മത്സരിക്കാത്ത സാഹചര്യത്തില് ഇത് മുന്നണിയുടെ പരാജയമായി കാണാന് കഴിയില്ല.' ഒമര് അബ്ദുള്ള പറഞ്ഞു.
'ബിജെപിയെ പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നു'; ഇൻഡ്യ സഖ്യം ശക്തി പ്രാപിക്കുമെന്ന് അഖിലേഷ് യാദവ്
നിയമസഭാ തിരഞ്ഞെടുപ്പ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല് ആണെന്ന ബിജെപി അവകാശവാദത്തെ ഒമര് അബ്ദുള്ള തള്ളി. ബിജെപി ആണ് പരാജയപ്പെട്ടതെങ്കില് ഇത്തരമൊരു വാദം അവര് ഉന്നയിക്കില്ല. കോണ്ഗ്രസ് പൊതു തിരഞ്ഞെടുപ്പില് ശ്രദ്ധ കേന്ദ്രീകരിക്കണം. ജയവും പരാജയവും സ്വാഭാവികമാണ്. ജയത്തെ മാത്രമല്ല, പരാജയത്തെയും അംഗീകരിക്കണം. കോണ്ഗ്രസ് പരാജയപ്പെട്ടെങ്കില് അതിലേക്ക് നയിച്ച ഘടകങ്ങള് പരിശോധിക്കണമെന്നും ഒമര് അബ്ദുള്ള പറഞ്ഞു.