ഇന്ത്യക്ക് മാത്രമല്ല ലോകത്തിന്നാകെ മാർഗ്ഗ ദീപമായിരുന്നു മഹാത്മഗാന്ധി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗാന്ധി പകർന്ന ആശയങ്ങള് അതേ തെളിമയോടെ നിലനിൽക്കുന്നു. രാഷ്ട്ര പിതാവിന്റെ 154ാം ജന്മവാർഷികത്തിൽ ആ ജീവിതത്തെ നമുക്ക് ഒന്നുകൂടെ ഓർത്തെടുക്കാം.
"ഇങ്ങനെയൊരാൾ രക്തവും മാംസവുമായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറകൾ വിശ്വസിക്കുമോയെന്ന് ഞാൻ സംശയിക്കുന്നു." ആശയത്തെ അസാമാന്യമെന്നോണം ജീവിതത്തിൽ പാലിച്ച മഹാത്മാ ഗാന്ധിയെ കുറിച്ച് ഐൻസ്റ്റീനിന്റെ വാക്കുകളാണിത്. ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് 75 വർഷം പിന്നിട്ടിരിക്കുന്നു. പക്ഷേ ഗാന്ധി ഉയർത്തിയ ആശയത്തിന്റെ പ്രസക്തി ഇന്നും നിലകൊള്ളുന്നു.
യുദ്ധത്തിന്റെ ഭീതിയിലാണ് ഇന്ന് ലോകം. റഷ്യയും ഉക്രയിനും, ഉത്തര കൊറിയയും ദക്ഷിണ കൊറിയയും, ഇസ്രയേലും പലസ്തീനും, ഇന്ത്യയും ചൈനയുമെല്ലാം ഈ ഭീതിക്ക് കാരണമാകുന്നു. ഗാന്ധിയുടെ ആദർശങ്ങളെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അഹിംസ ധീരർക്ക് മാത്രം കഴിയുന്നതാണെന്ന് ഗാന്ധി ലോകത്തോട് വിളിച്ചു പറഞ്ഞത് വെറുതെയായിരുന്നില്ല. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ പോലും അഹിംസയെന്ന ആയുധം കൊണ്ട് കീഴ്പ്പെടുത്തി മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ഗാന്ധി അഹിംസയുടെ പ്രവാചകനായത്.
ഗാന്ധിയുടെ സമരം അമേരിക്കയിലേക്ക് മാർട്ടിൻ ലൂഥറും ആഫ്രിക്കയിലേക്ക് നെൽസൺ മണ്ടേലയും പറിച്ചുനട്ടപ്പോൾ ഒരു ജനത വർണ്ണ വെറിയുടെ അടിമത്വത്തിൽ നിന്ന് പുറത്ത് വന്നു. ഗാന്ധി നടത്തിയ പോരാട്ടം പാർശ്വവത്കരിക്കപ്പെട്ട സകല ജനതയ്ക്കും ഊർജമാണെന്നാണ് മുൻ അമേരിക്കൻ പ്രസിഡൻറ് ഒബാമ അഭിപ്രായപ്പെട്ടത്. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്തിയ തൊഴിലുറപ്പ് പദ്ധതിയിലും ശുചിത്വത്തിലേക്ക് നയിക്കുന്ന സ്വച്ഛ് ഭാരത് മിഷനിലും ഗാന്ധി പ്രതീകമായി നിലകൊള്ളുന്നത് ഏറ്റവും പിന്നിൽ നിൽക്കുന്നവനെ പരിഗണിക്കലാണ് ജനാധിപത്യം എന്ന ഓർമ്മപ്പെടുത്തൽ കൊണ്ടാണ്.
ലോകത്ത് നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നമ്മിൽ നിന്ന് തുടങ്ങണം എന്ന ഗാന്ധിയൻ ചിന്താധാര ജനങ്ങൾ ഏറ്റെടുത്താൽ തന്നെ ലോകം സമാധാനത്തിലേക്കും വികസനത്തിലേക്കും കുതിക്കും. ഗാന്ധിയെ ഓർക്കുന്ന, ആ ആശയങ്ങളെ അറിയുന്ന ഒരു ജനതയെ സൃഷ്ടിക്കലാണ് സമകാലിക ലോകത്തിന് ഭാരതത്തിന് നൽകാൻ കഴിയുന്ന സംഭാവന.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക