ചെന്നൈ: വീരപ്പന് വേട്ടയുടെ മറവില് ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത വചാതി കലാപക്കേസിൽ പ്രതികളുടെ അപ്പീല് തള്ളി മദ്രാസ് ഹൈക്കോടതി. 18 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നതും ക്രൂരത, കൊള്ള തുടങ്ങിയ കുറ്റങ്ങളും നിലനില്ക്കുമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. 215 സർക്കാർ ഉദ്യോഗസ്ഥര്ക്ക് ശിക്ഷ വിധിച്ച സെഷന്സ് കോടതി വിധി ശരിവെച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 2011ലെ സെഷന്സ് കോടതി ഉത്തരവിനെതിരെയാണ് പ്രതികൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
കലാപ സമയത്ത് ചുമതലയിലുണ്ടായിരുന്ന ജില്ലാ കളക്ടര്, ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥര്, എസ്പി എന്നിവര്ക്കെതിരെ നടപടിയെടുക്കണം. ഓരോ അതിജീവിതര്ക്കും സംസ്ഥാന സര്ക്കാര് 10 ലക്ഷം രൂപ വീതം നല്കണം. കലാപത്തിനിരയായവര്ക്ക് അനുയോജ്യമായ ജോലി സംസ്ഥാന സര്ക്കാര് നല്കണമെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു.
1992 ജൂണ് 20ന് ധർമ്മപുരി ജില്ലയിലാണ് വചാതി കലാപം അരങ്ങേറിയത്. വീരപ്പനെ സഹായിക്കുന്നുവെന്നാരോപിച്ച് വചാതി ഗ്രാമം വളഞ്ഞ ഉദ്യോഗസ്ഥർ 18 ആദിവാസി സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും നൂറ് കണക്കിന് ആളുകളെ തല്ലിച്ചതയ്ക്കുകയുമായിരുന്നു. 155 വനം വകുപ്പ് ജീവനക്കാരും 108 പൊലീസുകാരും ആറ് റവന്യു ജീവനക്കാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഗ്രാമത്തിലെ കുടിലുകൾ തല്ലിത്തകർത്ത സംഘം സാധനങ്ങൾ എടുത്തുകൊണ്ടുപോയി. 90 സ്ത്രീകളെയും 28 കുട്ടികളെയും മൂന്ന് മാസമാണ് തടവിലിട്ടത്. 1995ൽ മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. 2011 ൽ പ്രത്യേക കോടതി എല്ലാവരെയും കുറ്റക്കാരായി കണ്ടെത്തി ശിക്ഷവിധിച്ചു. 54 പ്രതികൾ വിചാരണ കാലയളവിൽ മരിച്ചിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക