പട്ടുസാരി ഉടുത്തെത്തിയ ജാപ്പനീസ് പ്രഥമ വനിത; ജി 20 ഗാല ഡിന്നറിലെ വേറിട്ട കാഴ്ച

ഇന്ത്യന് സംസ്കാരത്തിന്റെയും കരകൗശലത്തിന്റെയും പ്രതീകമായി ജപ്പാന് പ്രഥമ വനിതയുടെ വേഷവിധാനം മാറി

ന്യൂഡല്ഹി: ജി 20 ഗാല ഡിന്നറിനായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ഭാര്യ യുക്കോ കിഷിദ എത്തിയത് പരമ്പരാഗത ഇന്ത്യന് സാരി ധരിച്ച്. പച്ച പട്ടുസാരിയും കോണ്ട്രാസ്റ്റിംഗ് മജന്ത ബ്ലൗസുമാണ് ഭാരത് മണ്ഡപത്തിലേക്ക് വരുമ്പോള് യുക്കോ കിഷിദ ധരിച്ചിരുന്നത്.

ഇന്ത്യന് സംസ്കാരത്തിന്റെയും കരകൗശലത്തിന്റെയും പ്രതീകമായി ജപ്പാന് പ്രഥമ വനിതയുടെ വേഷവിധാനം മാറി. സാരിയ്ക്കു പുറമെ നെറ്റിയില് ഒരു ബിന്ദിയുമുണ്ടായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്മുവാണ് ഗാല ഡിന്നറിന് ആതിഥേയത്വം വഹിക്കുന്നത്. വേദിയില് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡന്റ് ദ്രൗപതി മുര്മുവിനും ഒപ്പം ഫ്യൂമിയോയും യുക്കോ കിഷിദയും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

60ഓളം കലാകാരന്മാരുടെ സംഘത്തിന്റെ ഇന്ത്യന് സംഗീതാലാപനം ഡിന്നറിന്റെ പ്രത്യേകതയാണ്. ധാന്യങ്ങള് അടിസ്ഥാനമാക്കിയുള്ള ഭക്ഷണ വിഭവങ്ങളാണ് അതിഥികള്ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യന് രുചി പൂര്ണ്ണമായും അടങ്ങുന്ന ഭക്ഷണമാണ് അതിഥികള്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ബിഹാറിലെ ലിറ്റി ചോഖ, തിന കൊണ്ടുണ്ടാക്കിയ രാജസ്ഥാനി ദാല് ബത്തി ചുര്മ, പഞ്ചാബി തഡ്ക ദാല്, ദക്ഷിണേന്ത്യന് വിഭവങ്ങളായ ഇഡ്ലി, രസഗുള, ദക്ഷിണേന്ത്യന് മസാല ദോശ, മധുരമുള്ള ജിലേബി എന്നിങ്ങനെ നിരവധി വിഭവങ്ങള് ഉള്പ്പെടുത്തിയിട്ടുണ്ട്.

പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് പ്രഗതി മൈതാനിയിലെ ഭാരതമണ്ഡപത്തിലാണ് തുടക്കമായത്. തന്റെ പ്രസംഗത്തില്, സ്ഥിരാംഗമായി ആഫ്രിക്കന് യൂണിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. മൊറോക്കോയിലെ ഭൂകമ്പത്തില് ജീവന്പൊലിഞ്ഞവര്ക്ക് ആദരാഞ്ജലി അര്പ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. യുക്രൈന് യുദ്ധം അവസാനിപ്പിക്കണം എന്ന് ജി 20 ഉച്ചകോടി സംയുക്ത പ്രസ്താവനയില് വ്യക്തമാക്കി. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി അംഗീകരിക്കാനാകില്ലെന്നും സംയുക്ത പ്രസ്താവനയില് പറയുന്നു. റഷ്യയെ ശക്തമായി അപലപിക്കാതെയാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

To advertise here,contact us