ബെംഗളൂരൂ: സ്ലീപ്പിങ് മോഡിൽ പ്രവേശിച്ച വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി ചന്ദ്രയാൻ രണ്ട് ഓർബിറ്റർ. ചന്ദ്രയാൻ-2 ഓർബിറ്ററിൽ ഡ്യുവൽ-ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (DFSR) എന്ന ഉപകരണം പകർത്തിയ ചിത്രമാണ് ഐഎസ്ആർഒ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സെപ്തംബർ ആറിനാണ് ചിത്രം പകർത്തിയത്.
ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡറിൻ്റെ സോഫ്റ്റ് ലാൻഡിങ് പരാജയപ്പെട്ടിരുന്നെങ്കിലും അതിന്റെ ഓർബിറ്റർ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ചന്ദ്രയാൻ 3 ദൗത്യത്തിൽ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഈ ഓർബിറ്ററാണ്.
Chandrayaan-3 Mission:Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023.More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQeso
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിക്രം ലാൻഡർ സ്ലീപ്പിങ് മോഡിലായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചത്. ലാൻഡറിനും റോവറിനും ചന്ദ്രനിലെ ഒരു പകൽക്കാലമാണ് ആയുസ്. അതായത് ഭൂമിയിലെ 14 ദിവസം. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കുന്നതിനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതിനുമാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. ഈ മാസം 22ന് വീണ്ടും ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ലാൻഡിങ് പോയിന്റില്‍ നിന്ന് 40 സെന്റിമീറ്റര്‍ അകലെ നിന്നാണ് ലാന്‍ഡര്‍ നിദ്രയിലേക്ക് പോയത്.
അതേസമയം ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 അയച്ച ചിത്രങ്ങൾ ഐഎസ്ആർഒ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. പേടകത്തിലെ രണ്ട് പേലോഡുകൾ കാണാവുന്ന സെൽഫിക്കൊപ്പം ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങളാണ് ആദിത്യ എടുത്തത്. വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്കോപ്പ് (എസ് യു ഐ ടി) എന്നിവ ആദിത്യയുടെ സെൽഫിയിൽ കാണാം.