ചെന്നൈ: മകനും മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്മ്മം സംബന്ധിച്ച പ്രസ്താവനയില് നിലപാട് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ലെന്നും എം കെ സ്റ്റാലിൻ പ്രതികരിച്ചു.
ഏത് റിപ്പോര്ട്ടും ശരിയാണോയെന്ന് പരിശോധിക്കാനുള്ള എല്ലാവിധ സാധ്യതകളും പ്രധാനമന്ത്രിക്കുണ്ടെന്ന് ചൂണ്ടിക്കാണിച്ച സ്റ്റാലിന് 'ഉദയനിധിയെക്കുറിച്ച് പ്രചരിക്കുന്ന നുണകളെക്കുറിച്ച് പ്രധാനമന്ത്രി അറിയാതെയാണോ സംസാരിക്കുന്നത്, അതോ അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യുന്നതാണോ'; എന്നും ചോദിച്ചു.
ഏതെങ്കിലും മതത്തേയോ മത വികാരത്തേയോ വ്രണപ്പെടുത്താന് ഉള്ളതല്ല പ്രസ്താവന. പട്ടികജാതി - ഗോത്രവര്ഗ വിഭാഗങ്ങള്, സ്ത്രീകള് എന്നിവര്ക്ക് നേരെയുള്ള വിവേചനങ്ങള്ക്ക് എതിരെയാണ് പ്രസ്താവനയെന്നും സ്റ്റാലിന് ചൂണ്ടിക്കാണിച്ചു. അടിച്ചമര്ത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ നിലപാട് ബിജെപിക്ക് മനസിലാക്കാന് സാധിച്ചില്ല. പ്രസ്താവന ദുര്വ്യാഖ്യാനം ചെയ്ത് വംശഹത്യക്ക് ആഹ്വാനം ചെയ്തുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നുവെന്നും സ്റ്റാലിന് ആരോപിച്ചു. വംശഹത്യ എന്ന വാക്ക് ഉദയനിധി ഇംഗ്ലീഷിലോ തമിഴിലോ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെയും സ്റ്റാലിന് പിന്തുണച്ചു. 'സ്ത്രീകള് ജോലി ചെയ്യരുത്, വിധവകളായ സ്ത്രീകള് പുനര്വിവാഹം ചെയ്യരുത്, പുനര്വിവാഹത്തിന് ആചാരങ്ങളോ മന്ത്രോച്ചാരണങ്ങളോ ഇല്ലെന്ന് വാദിക്കുന്ന ചില വ്യക്തികള് ഇപ്പോഴും സ്ത്രീകളെ ആത്മീയ വേദികളില് അപമാനിക്കുന്നു. മനുഷ്യരാശിയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ അടിച്ചമര്ത്താന് അവര് 'സനാതന' എന്ന പദം ഉപയോഗിക്കുന്നു. അത്തരം അടിച്ചമര്ത്തല് ആശയങ്ങള്ക്കെതിരെയാണ് ഉദയനിധി ശബ്ദമുയര്ത്തിയത്, ആ ആശയങ്ങളില് അധിഷ്ഠിതമായ ആചാരങ്ങള് ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തത്'; ഉദയനിധിയുടെ പ്രസ്താവനയില് എംകെ സ്റ്റാലിന് വ്യക്തത വരുത്തി.
ഉദയനിധിയുടെ തലവെട്ടുന്നവര്ക്ക് പത്തു കോടി രൂപ പാരിതോഷികം നല്കുമെന്ന അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യയുടെ പ്രഖ്യാപനത്തോടും എം കെ സ്റ്റാലിന് പ്രതികരിച്ചു. 'ഉത്തര്പ്രദേശ് സര്ക്കാര് അദ്ദേഹത്തിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ? പകരം ഉദയനിധിക്കെതിരെ കേസുകള് കൊടുത്തു. ഈ സാഹചര്യത്തില് ഉദയനിധിയുടെ പരാമര്ശങ്ങള്ക്ക് ഉചിതമായ പ്രതികരണം വേണമെന്ന് തന്റെ മന്ത്രിസഭാ യോഗത്തില് പ്രധാനമന്ത്രി പരാമര്ശിച്ചത് മാധ്യമങ്ങളില് നിന്ന് കേള്ക്കുന്നത് നിരാശാജനകമാണ്'; എം കെ സ്റ്റാലിന് പറഞ്ഞു.
ഡിഎംകെയെ പോലെ ദീര്ഘകാല പാരമ്പര്യമുള്ള പാര്ട്ടിയുടെ സല്പ്പേരിന് കളങ്കമുണ്ടാക്കാന് കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നുവെങ്കില്, അവര് ആ മണലില് മുങ്ങിപ്പോകുമെന്നും സ്റ്റാലിന് ഓര്മ്മപ്പെടുത്തി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് പരിഹസിച്ച എംകെ സ്റ്റാലിന് പ്രതിപക്ഷ ഐക്യത്തില് വിള്ളല് വീഴ്ത്താനാണ് അത്തരമൊരു നീക്കം കേന്ദ്രസര്ക്കാര് നടത്തുന്നതെന്നും കുറ്റപ്പെടുത്തി. ജനശ്രദ്ധ തിരിക്കുന്നതിനാണോ സനാതനധര്മ്മ വിവാദം ഉയര്ത്തുന്നത് എന്ന് സംശയിക്കുന്നുവെന്നും സ്റ്റാലിന് പറഞ്ഞു.
സനാതനധര്മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്ശം. 'ചില കാര്യങ്ങളെ എതിര്ക്കാന് കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്, മലേറിയ, കൊവിഡ് എന്നിവയെ എതിര്ക്കാനാവില്ല. അതുപോലെ സനാതന ധര്മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.' എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്ശം. സനാതന ധര്മ്മം എന്ന വാക്ക് സംസ്കൃതത്തില് നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞിരുന്നു.
സനാതനധര്മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്ശത്തില് തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീംകോടതി അഭിഭാഷകന് വിനീത് ജിന്ഡാല് ഡല്ഹി പൊലീസില് പരാതി നല്കിയിരുന്നു. പരാതി. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കാട്ടി പ്രസ്താവനയില് കേസെടുക്കണമെന്നായിരുന്നു ആവശ്യം. നേരത്തെ ഉദയനിധി സ്റ്റാലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് 260 വ്യക്തികൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.
സനാതന ധര്മ്മ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയ്ക്കുമെതിരെയും കേസ് എടുത്തിരുന്നു. ഉത്തർപ്രദേശിലെ റാംപൂർ പൊലീസ് ആണ് കേസെടുത്തത്. അഭിഭാഷകരായ ഹർഷ് ഗുപ്ത, റാം സിംഗ് ലോദി എന്നിവരുടെ പരാതിയിലായിരുന്നു കേസ്. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ചതിനാണ് പ്രിയങ്ക് ഖാർഗെയ്ക്ക് എതിരെ കേസ് എടുത്തത്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ (295 എ), വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ (153 എ) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ഉദയനിധിയുടെ തലയെടുക്കുന്നവർക്ക് പത്തു കോടി രൂപ പാരിതോഷികം നല്കുമെന്ന് അയോധ്യയിലെ സന്യാസി പരമഹംസ് ആചാര്യ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. എന്നാൽ തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു ഭീഷണിയോടുളള ഉദയനിധിയുടെ മറുപടി. പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു.