ന്യൂഡല്ഹി: ഗൗതം അദാനിക്കെതിരെ 2014 ല് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ് അന്വേഷണം നടത്തിയിരുന്നതായി ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനിക്ക് ക്ലീന് ചിറ്റ് നല്കി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും ഫിനാന്ഷ്യല് ടൈംസ് ദിനപത്രം റിപ്പോര്ട്ട് ചെയ്യുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ചാണ് അന്വേഷണം നടന്നിരുന്നത്.
വിദേശ കമ്പനികള് വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള് വാങ്ങിയതിന്റെ സൂചനകള് ഡിആര്ഐ പങ്കുവെച്ചിരുന്നു. എന്നാല് മോദി അധികാരത്തിലെത്തിയതിന് പിന്നാലെ ഡിആര്ഐ വിധിനിര്ണയ അതോറിറ്റി കേസ് അവസാനിപ്പിച്ച് തീര്പ്പുകല്പ്പിക്കുകയായിരുന്നുവെന്നും അന്വേഷണത്തിന്റെ വിശദാംശങ്ങള് കൂടുതല് പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നുവെന്നും റിപ്പോര്ട്ടില് പറയുന്നു.
അതിനിടെ അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് വിദേശ നിക്ഷേപം എത്തിച്ചവര്ക്ക് അദാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട് എന്നതിന് കൂടുതല് തെളിവുകള് പുറത്തുവന്നു. ഇന്റര്നാഷണല് കണ്സോര്ഷ്യം ഓഫ് ജേണലിസ്റ്റ്സാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അദാനിയുടെ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി രണ്ടു വിദേശികളും നേരിട്ട് ഇടപാടുകള് നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില് പുറത്തുവന്ന വിവരവും തെളിയിക്കുന്നത്. ഇതു സംബന്ധിച്ച രേഖകള് കണ്ടെത്താന് ശ്രമിക്കുകയാണ് എന്ന് സെബി അന്വേഷണ സംഘം അറിയിച്ചു.
Read Also: അദാനി കുംഭകോണം; വിദേശ പൗരന്മാരുടെ ഇടപെടലിന് കൂടുതൽ തെളിവ്, രേഖകൾ കണ്ടെത്താൻ ശ്രമിക്കുന്നതായി സെബി