ബ്രഹ്മപുത്ര കരകവിഞ്ഞു, അസമിൽ വീണ്ടും പ്രളയസമാന സാഹചര്യം; 105 ഗ്രാമങ്ങൾ വെളളത്തിൽ

സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി നശിക്കുകയും ചെയ്തു

ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനാൽ അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം. മോറിഗാവ് ജില്ലയിലെ 105 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. ജില്ലയിൽ 3059 ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് 22000 ഹെക്ടറിലെ കൃഷി നശിക്കുകയും ചെയ്തു.

സെൻട്രൽ വാട്ടർ കമ്മീഷൻ (സിഡബ്ല്യുസി) ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ബ്രഹ്മപുത്ര നദിയിൽ നിലവിൽ 49.87 മീറ്ററിൽ വെളളമെത്തിയിട്ടുണ്ട്. അസമിലെയും അരുണാചൽ പ്രദേശിലെയും പല ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴയുടെ ഫലമായി ബ്രഹ്മപുത്ര നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലനിരപ്പ് ഉയരുകയാണ്. ചില പ്രദേശങ്ങളിൽ അപകട പരിധിയും കവിഞ്ഞിട്ടുണ്ട്.

ലഖിംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ധേമാജിയിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. ധേമാജിയിൽ ഏകദേശം 24,000 ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോർട്ട്. കൂടാതെ സോനിത്പൂർ, ലഖിംപൂർ, ദിബ്രുഗഡ് ജില്ലകളിലായി യഥാക്രമം 12,000, 8,500, 7,500 പേർ ഒറ്റപ്പെട്ടതായും റിപ്പോർട്ടുണ്ട്.

To advertise here,contact us