ഡൽഹി: ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറിയത് അസൂയാർഹമായ നേട്ടമായാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത്. ഇന്ത്യ നേടിയ ചരിത്ര നേട്ടം ഓഹരി വിപണിയിലും വൻതോതിൽ പ്രതിഫലിക്കുകയാണ്. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ചെലവ് 615 കോടിയായിരുന്നു. എന്നാൽ ഏകദേശം 31,000 കോടി രൂപയുടെ നേട്ടമാണ് ഓഹരിവിപണിയിൽ ഇന്ത്യ നേടിയത്.
ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ഈ ആഴ്ച സ്പേസുമായി ബന്ധപ്പെട്ട ഓഹരികളിലെല്ലാം വലിയ പണമൊഴുക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ അത്രമാത്രം വിശ്വസിച്ച നിക്ഷേപകരായിരുന്നു ഇത്രയും പണം മുടക്കി ഓഹരികൾ വാങ്ങാൻ തയ്യാറായത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം ബഹിരാകാശ അനുബന്ധ ഓഹരികളുടെ വിപണിമൂല്യത്തിൽ 30,700 കോടി രൂപയുടെ കുതിപ്പ് രേഖപ്പെടുത്തി. ചന്ദ്രയാൻ 3 ദൗത്യത്തിന് തന്ത്രപ്രധാന ഭാഗങ്ങൾ നിർമ്മിച്ചു നൽകിയ സെന്റം കമ്പനിക്ക് 26 ശതമാനം കുതിപ്പാണ് ഈ ആഴ്ച ഉണ്ടായത്. ദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ കമ്പനികളുടെ നിര വളരെ വലുതാണ്. ബഹിരാകാശ വിപണിയിൽ വലിയ അവസരമാണ് ചന്ദ്രയാൻ ദൗത്യം കമ്പനികൾക്ക് മുന്നിൽ തുറന്നിടുന്നത്.
ചാന്ദ്രദൗത്യത്തിന് പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച സൗരദൗത്യമായ ആദിത്യ എൽ 1 കൂടെ വരാനിരിക്കുന്നതോടെ ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഗഗൻയാനും മംഗൾയാൻ രണ്ടുമൊക്കെ ഇന്ത്യയുടെ വരാനിരിക്കുന്ന ദൗത്യങ്ങളാണ്. ആഗോളവിപണിയിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയുടെ വിഹിതം. ബഹിരാകാശ കമ്പനികൾക്ക് അപ്രാപ്യമായിരുന്ന സ്പേസ് വിപണി 2023ലാണ് സൗകാര്യ കമ്പനികൾക്ക് ഇന്ത്യ തുറന്നു നൽകുന്നത്. അഞ്ച് പിഎസ്എൽവി റോക്കറ്റുകൾ നിർമ്മിക്കാനുള്ള കരാറടക്കം തുടർന്ന് സ്വകാര്യ കമ്പനികൾക്ക് ലഭിച്ചിരുന്നു.
Story Highlights: India's historic gains in Space research are also reflected in the stock market