പ്രസംഗത്തില് സുപ്രീംകോടതിയെ പുകഴ്ത്തി മോദി; കൈകൂപ്പി നന്ദിയറിയിച്ച് ചീഫ് ജസ്റ്റിസ്

പ്രാദേശിക ഭാഷകളില് വിധി പറയാനുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില് പ്രശംസിച്ച് പ്രധാനമന്ത്രി.

ന്യൂഡല്ഹി: പ്രാദേശിക ഭാഷകളില് വിധി പറയാനുള്ള സുപ്രീം കോടതിയുടെ സമീപകാല തീരുമാനത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില് പ്രശംസിച്ച് പ്രധാനമന്ത്രി. സ്വാതന്ത്ര്യദിന പരിപാടിയില് അതിഥികള്ക്കിടയില് ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രധാനമന്ത്രിയുടെ പരാമര്ശത്തിന് കൂപ്പുകൈകളോടെ നന്ദി പ്രകടിപ്പിച്ചു. മറ്റ് അതിഥികള് കൈയ്യടിച്ചപ്പോള് ആയിരുന്നു ചീഫ് ജസ്റ്റിസിന്റെ നന്ദി പ്രകടനം.

മാതൃഭാഷയുടെ പ്രാധാന്യം വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടതികള് പ്രാദേശിക ഭാഷകളില് വിധി പറയേണ്ടതിന്റെ ആവശ്യകത ചീഫ് ജസ്റ്റിസ് പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതി പുറപ്പെടുവിച്ച വിധികള് ഹിന്ദി, തമിഴ്, ഗുജറാത്തി, ഒഡിയ എന്നീ നാല് ഭാഷകളിലേക്ക് വിവര്ത്തനം ചെയ്യുമെന്ന് ജനുവരിയില് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക ഭാഷകളിലെ വിധിന്യായങ്ങള് പൗരന്മാര്ക്ക് നീതി ലഭ്യമാക്കാന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'ഞങ്ങള് അടുത്തിടെ സ്വീകരിച്ച ഒരു സുപ്രധാന തീരുമാനം പ്രാദേശിക ഭാഷകളിലേക്ക് സുപ്രീം കോടതി വിധികളുടെ പരിഭാഷയാണ്. കാരണം നമ്മള് ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷ നമ്മുടെ 99.9% പൗരന്മാര്ക്കും മനസ്സിലാക്കാന് കഴിയാത്ത ഭാഷയാണെന്ന് മനസ്സിലാക്കണം', ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

എല്ലാ ഇന്ത്യന് ഭാഷകളിലും സുപ്രീം കോടതിയുടെ വിധിന്യായങ്ങളുടെ വിവര്ത്തനം ചെയ്ത പകര്പ്പുകള് നല്കണമെന്നും മുംബൈയില് നടന്ന ഒരു പരിപാടിയില് സംസാരിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില് പങ്കുവെച്ചുകൊണ്ട് തീരുമാനത്തെ പ്രധാനമന്ത്രി നേരത്തേ പ്രശംസിച്ചിരുന്നു.

To advertise here,contact us