കർണാടകയിൽ പശു സംരക്ഷകൻ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ; ഒരുവര്ഷത്തേക്ക് ജാമ്യമില്ല

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്ത് ക്രിമിനല് കേസുകളുണ്ട്

ബെംഗളൂരു: പശുവിനെ കശാപ്പു ചെയ്യുന്നവരിൽ നിന്നും കന്നുകാലി കടത്തുന്നവരിൽ നിന്നും പണം തട്ടിയതിന് പശുസംരക്ഷണ പ്രവര്ത്തകനും തീവ്രഹിന്ദുസംഘടനയായ രാഷ്ട്ര രക്ഷണ പടെയുടെ നേതാവുമായ പുനീത് കരെഹള്ളിയെ(32) ബെംഗളൂരു സെന്ട്രല് ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരമാണ് അറസ്റ്റ്. അതിനാൽ ഒരു വര്ഷത്തേക്ക് ഇയാള്ക്ക് ജാമ്യം ലഭിക്കില്ലെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റേഷനുകളിലായി ഇയാൾക്കെതിരെ പത്ത് ക്രിമിനല് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ആവര്ത്തിച്ച് കുറ്റകൃത്യങ്ങള് നടത്തുന്നതിനാലാണ് ഇയാള്ക്കെതിരെ ഗുണ്ടാനിയമം ചുമത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സമൂഹത്തിലെ സമാധാനവും സൗഹാർദ്ദവും തകര്ക്കാന് പ്രതി ശ്രമിച്ചതായും കണ്ടെത്തി. കഴിഞ്ഞ ഏപ്രിലില് രാമനഗരയില് കാലികളെ കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര് ഇദ്രിസ് പാഷയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില് പുനീത് കരെഹള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള് ജാമ്യത്തിലിറങ്ങി.

ഡിജെ ഹള്ളി, ബേഗൂരു, കഗ്ഗാലിപുര, ഹലസൂരു ഗേറ്റ്, ചാമരാജ് പേട്ട്, ഇലക്ട്രോണിക് സിറ്റി, മലവള്ളി, സാത്തനൂര് പൊലീസ് സ്റ്റേഷനുകളിലാണ് ഇയാള്ക്കെതിരെ കേസുകള് നിലവിലുള്ളത്. ഹാസന് സ്വദേശിയായ ഇയാള് ബെംഗളൂരുവിലാണ് താമസിക്കുന്നത്.

To advertise here,contact us