ഇംഫാൽ: സ്വാതന്ത്ര്യദിനാഘോഷത്തിൽ മണിപ്പൂരിലെ സംഘടനകളുടെ പ്രതിഷേധത്തിന് സാധ്യതയെന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിനിടെ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡ് ഉയർത്തിയും പ്രതിഷേധിക്കാനാണ് സാധ്യത. കുക്കി, മെയ്തി സംഘടനകൾ പ്രതിഷേധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സുരക്ഷാമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് അതിർത്തികളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയിലും ശ്രീനഗർ താഴ്വരയിലും സുരക്ഷ വർധിപ്പിച്ചു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷയിലാണ്. വിമാനത്താവളങ്ങളിലും ഡൽഹി മെട്രോ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരിൽ 24 മണിക്കൂറിനുള്ളിൽ 12 ആയുധങ്ങളും വെടിക്കോപ്പുകളും എട്ട് സ്ഫോടക വസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. വിവിധ ജില്ലകളിലായി നിരവധി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ പേരിൽ വിവിധ ജില്ലകളിൽ നിന്ന് 1,580 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൊബൈല് ഇന്റര്നെറ്റ് സേവനങ്ങള് ലഭ്യമാക്കുന്നതിനുള്ള മാര്ഗങ്ങള് കണ്ടെത്താന് മണിപ്പൂര് സര്ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില് മെയ് 3-ന് കലാപം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്റര്നെറ്റ് വിലക്ക് ഏര്പ്പെടുത്തിയത്.
മണിപ്പൂരില് കലാപം 100 ദിവസം പിന്നിട്ടിരിക്കുകയാണ്. അടിയന്തരമായി പ്രശ്നപരിഹാരം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനങ്ങളും റാലികളും നടന്നു. കലാപങ്ങളില് ഇതുവരെ 170-ലേറെപ്പേരാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതിനായിരത്തിലേറെ പേര് അഭയാര്ഥികളായി. അറുനൂറിലേറെ അക്രമികളെ അറസ്റ്റുചെയ്തതായി പൊലീസ് പറയുന്നുണ്ട്. 6500ലേറെ കേസുകളാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. 130 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.