ഹരിയാനയില് മോനു മനേസറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കര്ഷക സംഘടനകളും ഖാപ്പ് പഞ്ചായത്തുകളും

നൂഹിലെ വര്ഗീയ കലാപങ്ങള് കൈകാര്യം ചെയ്തതിൽ ഹരിയാന സര്ക്കരിനെ കര്ഷക യൂണിയനുകള് വിമര്ശിച്ചപ്പോള് ഖാപ്പ് പഞ്ചായത്തുകളുടേത് സമ്മിശ്ര പ്രതികരണമായിരുന്നു

icon
dot image

ചണ്ഡീഗഢ്: ഹരിയാനയില് വര്ഗീയ സംഘര്ഷത്തിന് കാരണക്കാരനായ ഗോരക്ഷാദള് നേതാവ് മോനു മാനേസറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് കര്ഷക സംഘടനകളും ഖാപ്പ് പഞ്ചായത്തുകളും രംഗത്ത് വന്നു. ഭാരതീയ കിസാന് മസ്ദൂര് യൂണിയന് സംഘടിപ്പിച്ച മഹാപഞ്ചായത്തില് ഹിന്ദു, മുസ്ലിം, സിഖ് വിഭാഗത്തില്പ്പെട്ടവര് പങ്കെടുത്തു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാ മതവിഭാഗത്തില്പ്പെട്ടവരും ചേര്ന്ന് പ്രവര്ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മഹേന്ദ്രഗഡിലെയും രെവാരിയിലെയും ജജ്ജാറിലെയും ചില പഞ്ചായത്ത് തലവന്മാര് എഴുതിയതായി പറയുന്ന കത്തുകള് ഓണ്ലൈനില് പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്ലീം വ്യാപാരികള് തങ്ങളുടെ ഗ്രാമങ്ങളില് കച്ചവടം നടത്തുന്നത് പഞ്ചായത്തുകള് വിലക്കിയതായി കത്തില് അവകാശപ്പെട്ടിരുന്നു.

നൂഹിലെ വര്ഗീയ കലാപങ്ങള് കൈാര്യം ചെയ്തതിൽ ഹരിയാന സര്ക്കാരിനെ കര്ഷക യൂണിയനുകള് വിമര്ശിച്ചപ്പോള് ഖാപ്പ് പഞ്ചായത്തുകളുടേത് സമ്മിശ്ര പ്രതികരണമായിരുന്നു. ഇതിനിടെ ചില ഖാപ്പ് പഞ്ചായത്തുകള് മുസ്ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള നീക്കത്തെ പിന്തുണച്ചതായും മറ്റു ചിലത് മോനു മനേസറെ അറസ്റ്റ് ചെയ്യാന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്ട്ട്. ജാട്ട് വിഭാഗവുമായി ബന്ധപ്പെട്ട ഖാപ്പ് പഞ്ചായത്തുകള് മനേസറെ അറസ്ററ് ചെയ്യണമെന്നും മതസൗഹാര്ദ്ദം കാത്ത് സംരക്ഷിക്കണമെന്നുമാണ് നിലപാട് സ്വീകരിച്ചത്.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 113 എഫ്ഐആറുകള് ഇതുവരെ രജിസ്റ്റര് ചെയ്തിട്ടുണ്ട്. 305 പേരുടെ അറസ്റ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. 106 പേരെയാണ് കസ്റ്റഡയില് ചോദ്യം ചെയ്യുന്നത്. സംഘര്ഷങ്ങള്ക്ക് അയവ് വന്നതോടെ ഹരിയാനയിലെ നൂഹ് ജില്ലയില് സ്കൂളുകള് തുറന്നു. ചുരുക്കം വിദ്യാര്ത്ഥികള് മാത്രമാണ് ക്ലാസുകളില് എത്തിയത്. അതേസമയം നൂഹ് ജില്ലകളില് ഇന്റര്നെറ്റ് നിരോധനം ഞായറാഴ്ച വരെ നീട്ടി.

ജൂലൈ 31ന് നടന്ന ശോഭായാത്രയില് മോനു മനേസര് പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് സംഘര്ഷങ്ങളിലേക്ക് നയിച്ചത്. ഭിവാനിയില് പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാന് സ്വദേശികളെ കൊന്ന കേസില് മോനു മനേസര് ഒളിവിലാണ്.

To advertise here,contact us