അഞ്ചിരട്ടി പിന്തുണ; യൂട്യൂബില് മുന്നേറി രാഹുല്

ഒരു മാസത്തിനിടെ രാഹുൽ ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ ആറ് വീഡിയോകളാണ് പോസ്റ്റ് ചെയ്തത്

ന്യൂഡല്ഹി: രാഹുല് ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ ഒരുമാസം കൊണ്ട് കാഴ്ചക്കാരുടെ എണ്ണത്തില് വലിയ വർധനവ്. ഒരു മാസത്തിനിടെ ആറ് വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. ജൂലൈയിൽ സംഘർഷഭരിതമായ മണിപ്പൂരിൽ രാഹുൽ ഗാന്ധി രണ്ടുദിവസം നീണ്ടുനിന്ന സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിൻ്റെ 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉൾപ്പെടെയാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ട് വീഡിയോകൾക്ക് മൂന്ന് മില്യണിലധികം കാഴ്ചക്കാരുണ്ടായിരുന്നു.

2017 ഓഗസ്റ്റ് 10നാണ് രാഹുല് ഗാന്ധി യൂട്യൂബ് ചാനല് ആരംഭിക്കുന്നത്. എട്ട് ദിവസത്തിന് ശേഷമാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഡൂണ് സ്കൂള് വിദ്യാര്ത്ഥികളുമായുള്ള ആശയ വിനിമയത്തിന്റെ വീഡിയോ ആയിരുന്നു ആദ്യ വീഡിയോ. ആറ് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോക്ക് 24,000 കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ചാനലിൻ്റെ കാഴ്ചക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായത്.

2022 ജനുവരിയെ അപേക്ഷിച്ച് അഞ്ച് ഇരട്ടി സബ്സ്ക്രൈബേഴ്സിനേയാണ് 2023 ഓഗസ്റ്റായപ്പോഴേക്കും ലഭിച്ചത്. ഇക്കാലയളവിൽ 2.6 ദശലക്ഷം സബ്സ്ക്രൈബേഴ്സിനേയാണ് ചാനലിന് ലഭിച്ചത്. 2022 സെപ്റ്റംബര് മുതല് 2023 ഫെബ്രുവരി വരെയുള്ള ഭാരത് ജോഡോ യാത്രക്കിടയിലും കാഴ്ചക്കാരുടെ എണ്ണത്തിൽ വര്ധനവുണ്ടായി. 2022 സെപ്റ്റംബര് മുതല് 2023 ജനുവരി വരെ ചാനലിന് 8.2 ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചു. 2023 ഫെബ്രുവരി മുതല് ജൂണ്വരെ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ചതായാണ് കണക്ക്.

'മിക്ക മുഖ്യധാരാ ആശയവിനിമയ മാധ്യമങ്ങളും ബിജെപിയുടെ നിയന്ത്രണത്തിലായിരിക്കുമ്പോൾ, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ സന്ദേശം ആളുകളിലേക്ക് എത്തിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. ഈ പ്ലാറ്റ്ഫോമുകൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് പകരക്കാരനാകാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു', കോൺഗ്രസിന്റെ ഡാറ്റാ അനലിറ്റിക്സ് ഡിപ്പാർട്ട്മെന്റ് തലവനായ പ്രവീൺ ചക്രവർത്തി പറഞ്ഞു.

ആഗോളതലത്തിൽ ഏറ്റവും വലിയ സോഷ്യൽ മീഡിയ സാന്നിധ്യമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറികടക്കാൻ രാഹുൽ ഗാന്ധിക്ക് ഇനിയും സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കേണ്ടിവരും. എന്നാൽ ഈയിടെയായി ചാനലിന് മെച്ചപ്പെട്ട ഉയർച്ചയുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. കോൺഗ്രസിന്റെ വിലയിരുത്തൽ പ്രകാരം, രാഹുൽ ഗാന്ധിയുടെ വീഡിയോകൾക്ക് ശരാശരി 3,43,000 കാഴ്ച്ചക്കാരുണ്ട്, അതേസമയം മോദിയുടെ ചാനലിലെ ശരാശരി വ്യൂസ് 56,000 ആണ്. രാഹുൽ ഗാന്ധിയുടെ വീഡിയോകൾക്ക് ശരാശരി 1,700 കമന്റുകളും മോദിയുടെ വീഡിയോകൾക്ക് 137 കമന്റുകളും ആണ് ലഭിക്കുന്നത്. ഗാന്ധിയുടെ സോഷ്യൽ മീഡിയ ടീമിനെ നയിക്കുന്നത് ശ്രീവത്സ വൈബിയാണ്.

To advertise here,contact us