യുപിയിൽ ഗോവധം ആരോപിച്ച് പൊലീസ് വെടിവെപ്പ്; രണ്ടു പേർക്ക് പരിക്ക്

യുപിയിലെ മവാനയിലാണ് സംഭവം

ലഖ്നൗ: പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്ക്. സാക്കിബ്, നദീബ് എന്നിവർക്കാണ് പരിക്കേറ്റത്. യുപിയിലെ മവാനയിലാണ് സംഭവം.

സത്ല ഗ്രാമത്തിൽ ഗോവധം നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്ക് എത്തിയതായിരുന്നു പൊലീസ്. തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ടു പേർക്ക് പരിക്കേറ്റുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു. കാലിന് വെടിയേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. രണ്ട് നാടൻ പിസ്റ്റളുകൾ, വെടിയുണ്ടകൾ, കശാപ്പിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, 120 കിലോ പശുമാംസം എന്നിവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

To advertise here,contact us