ഡി കെ ശിവകുമാറിന് ആശ്വാസം; അഴിമതിക്കേസില് സിബിഐ അന്വേഷണത്തിലെ സ്റ്റേ തുടരാമെന്ന് സുപ്രീം കോടതി

അന്തിമ വിധിക്കായി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടാന് വിസമ്മതിച്ചത്

ന്യൂഡല്ഹി: കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരായ അഴിമതിക്കേസില് സിബിഐ അന്വേഷണത്തിലെ സ്റ്റേ തുടരും. കേസില് അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമര്പ്പിച്ച ഹര്ജി സുപ്രീം കോടതി തള്ളി. അന്തിമ വിധിക്കായി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടാന് വിസമ്മതിച്ചത്.

ജസ്റ്റിസ് ബി ആര് ഗവായ്, ജസ്റ്റിസ് സി ടി രവികുമാര്, ജസ്റ്റിസ് സഞ്ജയ് കുമാര് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. സ്റ്റേയ്ക്ക് എതിരായ ഹര്ജിയില് ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി സിബിഐയ്ക്ക് തങ്ങളുടെ മുന്പിലുള്ള കേസ് വേഗത്തില് തീര്ക്കണമെന്ന് ഹൈക്കോടതിയില് അപേക്ഷിക്കാമെന്നും അറിയിച്ചു.

2017ലാണ് കര്ണാടക ഉപമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെതിരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഐടി വകുപ്പ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില് ശിവകുമാറിനെതിരെ 2020ല് അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസെടുത്തു. തനിക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് ശിവകുമാര് കര്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തില് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു.

To advertise here,contact us