സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യയും ബ്രിട്ടനും; ലക്ഷ്യം തൊഴിലവസരങ്ങൾ, സാമ്പത്തിക വളർച്ച

കയറ്റുമതി വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും ഈ വർഷം സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പുവച്ചേക്കും. സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുളള സ്വതന്ത്ര വ്യാപാര കരാറിന്റെ രൂപരേഖയിൽ ഇരുരാജ്യങ്ങളും സമവായത്തിലെത്തിയെന്ന് ഇന്ത്യൻ വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്വാൾ പറഞ്ഞു.

കരാർ എത്രയും വേഗം പൂർത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. എല്ലാ തർക്ക വിഷയങ്ങളിലും ചർച്ചകൾ പൂർത്തിയായെന്നും ഈ വർഷാവസാനം കരാർ ഒപ്പിടാൻ കഴിയുമെന്നും സുനിൽ ബർത്ത്വാൾ കൂട്ടിച്ചേർത്തു. ബ്രിട്ടനുമായി കയറ്റുമതി വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. എന്നാൽ തങ്ങളുടെ വിസ്കി, പ്രീമിയം കാറുകൾ, നിയമ സേവനങ്ങൾ എന്നിവക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് ബ്രിട്ടൻ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ഓസ്ട്രേലിയയുമായി ഇടക്കാല വ്യാപാര കരാർ ഒപ്പുവെച്ചതിന് ശേഷം ആദ്യമായാണ് ഒരു വികസിത രാജ്യവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നത്. 2020-ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തായതിന് ശേഷം വൈവിധ്യമാർന്ന ആഗോള വ്യാപാര ബന്ധങ്ങൾക്കായുളള അന്വേഷണത്തിലാണ് ബ്രിട്ടൻ. ഇന്ത്യയും ബ്രിട്ടനും തമ്മിലുളള 11-ാം റൗണ്ട് ചർച്ചകൾ അടുത്തിടെ ലണ്ടനിൽ അവസാനിച്ചിരുന്നു.

ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ 19 എണ്ണത്തിന്റെ ചർച്ചകൾ അവസാനിപ്പിച്ചതായി ബർത്ത്വാൾ പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം, നിക്ഷേപ ഉടമ്പടി എന്നിവയിൽ ഇരുരാജ്യങ്ങൾക്കിടയിലുളള വ്യത്യാസങ്ങൾ ഇതുവരെ പരിഹരിക്കാനായിട്ടില്ലെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

To advertise here,contact us