ശിവസേന എംഎൽഎമാർക്കെതിരായ അയോഗ്യതാ ഹർജി; മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീം കോടതി നോട്ടീസ്

അയോഗ്യതയിൽ സമയബന്ധിതമായി തീരുമാനമെടുക്കാത്തതിനാൽ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ശിവസേന താക്കറെ വിഭാഗം എംഎൽഎ സുനിൽ പ്രഭു നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി കത്തയച്ചത്

ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും മറ്റ് കൂറുമാറിയ എംഎൽഎമാർക്കുമെതിരായ അയോഗ്യതാ ഹർജികളിൽ തീർപ്പ് കൽപ്പിക്കാൻ വൈകുന്നതിൽ സ്പീക്കർ രാഹുൽ നർവേക്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അയോഗ്യതയിൽ സമയബന്ധിതമായി തീരുമാനമെടുക്കാത്തതിനാൽ സുപ്രീം കോടതി ഇടപെടൽ ആവശ്യപ്പെട്ട് ശിവസേന താക്കറെ വിഭാഗം എംഎൽഎ സുനിൽ പ്രഭു നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി കത്തയച്ചത്. ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ 39 നിയമസഭാംഗങ്ങൾക്കെതിരെയാണ് ശിവസേന അയോഗ്യതാ ഹർജി നൽകിയത്.

മെയ് 11ലെ ഭരണഘടനാ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരം ന്യായമായ സമയത്തിനുള്ളിൽ അയോഗ്യതാ ഹർജികളിൽ നർവേക്കർ തീരുമാനമെടുത്തിട്ടില്ലെന്ന് സുനിൽ പ്രഭുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് കോടതിയിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

അയോഗ്യതാ ഹർജികൾ പരിഗണിക്കണമെന്ന കോടതി ഉത്തരവിന് ശേഷവും ഒരു വാദം കേൾക്കൽ പോലും സ്പീക്കർ നടത്തിയിട്ടില്ലെന്നും സുനിൽ പ്രഭു പറഞ്ഞു. നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കർ ഭരണഘടനാപരമായ ചുമതലകൾ അവഗണിച്ച് ഷിൻഡെയെ തുടരാനനുവദിക്കുകയാണെന്നും പ്രഭു തന്റെ ഹർജിയിൽ പറയുന്നു.

2022 ജൂൺ 23 ന് ഷിൻഡെക്കും മറ്റ് 15 എംഎൽഎമാർക്കുമെതിരെ സുനിൽ പ്രഭു അയോഗ്യതാ ഹർജി നൽകിയിരുന്നു. കഴിഞ്ഞ വർഷം സ്പീക്കർ ഇവർക്കെതിരെ നോട്ടീസ് നൽകിയിരുന്നെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. പാർട്ടി വിപ്പ് ലംഘിച്ചതിന് 39 എംഎൽഎമാർക്കെതിരെ ജൂലൈ മൂന്ന്, അഞ്ച് തിയതികളിലാണ് അയോഗ്യതാ ഹർജികൾ നൽകിയത്. അയോഗ്യതയ്ക്കായുള്ള ഹർജികൾ സാധാരണഗതിയിൽ തീർപ്പാക്കാൻ കഴിയില്ലെന്നാണ് മെയ് 11-ലെ വിധിയിൽ കോടതി പറഞ്ഞത്.

To advertise here,contact us