'ഗോമാതാവിൽ നിന്നും മോഷ്ടിക്കുന്നു'; പശുക്കളെ മേക്കാനുള്ള ഭൂമി ബിജെപി കയ്യേറിയെന്ന് കോൺഗ്രസ്

അഞ്ച് കോടി ചതുരശ്ര മീറ്റർ ഭൂമി ബിജെപി പ്രവർത്തകർ തട്ടിയെടുത്തുവെന്നും 3,000ലധികം ഗ്രാമങ്ങൾക്ക് പശുക്കളെ മേക്കാൻ ഭൂമി ഇല്ലാതായെന്നുമാണ് കോൺഗ്രസ് ആരോപണം

അഹ്മദാബാദ്: ഗുജറാത്തിൽ കന്നുകാലികളെ മേക്കാനുള്ള ഭൂമിയുമായി ബന്ധപ്പെട്ട് ബിജെപി വൻ അഴിമതി നടത്തിയെന്ന് കോൺഗ്രസ്. അഞ്ച് കോടി ചതുരശ്ര മീറ്റർ ഭൂമി ബിജെപി പ്രവർത്തകർ തട്ടിയെടുത്തുവെന്നും 3,000ലധികം ഗ്രാമങ്ങൾക്ക് പശുക്കളെ മേക്കാൻ ഭൂമി ഇല്ലാതായെന്നുമാണ് കോൺഗ്രസ് ആരോപണം. മൂന്ന് പതിറ്റാണ്ടായി നടന്നു വരുന്ന ബിജെപി ഭരണത്തിൽ കന്നുകാലികളെ മേക്കുന്ന ഭൂമിയുടെ അളവ് കുറഞ്ഞു. 100 കന്നുകാലികളുണ്ടെങ്കിൽ 40 ഏക്കർ ഭൂമി വേണമെന്നാണ് ചട്ടം. 3000 ഗ്രാമങ്ങളിൽ ഇതിനുള്ള ഭൂമി അവശേഷിക്കുന്നില്ലെന്നും 9000 ഗ്രാമങ്ങളിൽ ഭൂമിയുടെ അളവ് കുറവാണെന്നും ഗുജറാത്ത് നിയമസഭ കോൺഗ്രസ് നേതാവ് അമിത് ചാവ്ദ പറഞ്ഞു.

'കന്നുകാലികളെ മേക്കാൻ സ്ഥലമില്ലാതായതോടെ ആളുകൾ അവയുമായി റോഡിലേക്കിറങ്ങാൻ നിർബന്ധിതരാകുന്നു. ബിജെപിയുമായി ബന്ധമുള്ളവർ ഭൂമി കയ്യേറുകയും കന്നുകാലികളെ മോഷ്ടിക്കുകയും ചെയ്യുന്നു. സർക്കാർ ഭൂമിയിലെ ഏത് കയ്യേറ്റത്തിനും ഒറ്റ രാത്രി കൊണ്ട് ബുൾഡോസർ അയക്കുന്നു. എന്നാൽ കയ്യേറ്റക്കാർ ബിജെപിക്കാരായതിനാൽ സർക്കാർ കൂട്ട് നിൽക്കുന്നു'. ചാവ്ദ ഗാന്ധിനഗറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഗുജറാത്തിൽ 1.75 കോടി ഭൂമി തട്ടിയെടുത്തതാണ് നടന്നതിൽ വെച്ച് ഏറ്റവും വലിയ കയ്യേറ്റമെന്നും ചാവ്ദ ആരോപിച്ചു. അഹമ്മദാബാദിൽ 13.35 ലക്ഷം ചതുരശ്ര മീറ്ററും ഭാവ്നഗറിൽ 49.96 ലക്ഷം ചതുരശ്ര മീറ്ററും ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണത്തിൽ ബിജെപി വൃത്തങ്ങൾ ഇത് വരെ പ്രതികരിച്ചിട്ടില്ല.

To advertise here,contact us