പേരും ചിഹ്നവും ഷിന്ഡെ വിഭാഗത്തിന് നല്കിയ ഉത്തരവിനെതിരായ ഹര്ജി സുപ്രീം കോടതി ജൂലൈ 31ന് പരിഗണിക്കും

ഷിന്ഡെ വിഭാഗത്തിന് ശിവസേനയെന്ന പേരും ചിഹ്നവും ഉപയോഗിക്കാന് 2022 ഫെബ്രുവരി 17നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കിയത്

ഷിന്ഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നല്കാനുള്ള തീരുമാനത്തിനെതിരായ ഉദ്ദവ് വിഭാഗത്തിന്റെ ഹര്ജി ജൂലൈ 31ന് സുപ്രീം കോടതി പരിഗണിക്കും. കേസ് എത്രയും വേഗം പരിഗണനയ്ക്കെടുക്കണമെന്ന ഉദ്ദവ് വിഭാഗത്തിന്റെ അഭിഭാഷകന് അമിത് ആനന്ദ് തിവാരിയുടെ അഭ്യര്ത്ഥനയെ തുടര്ന്നാണ് കേസ് ജൂലൈ 31ന് പരിഗണിക്കാന് സുപ്രീംകോടതി തീരുമാനിച്ചത്.

ഷിന്ഡെ വിഭാഗം ഫയല് ചെയ്ത മറുപടിക്ക് എതിര്വാദം സമര്പ്പിക്കാനും സുപ്രീംകോടതി തിവാരിക്ക് അനുമതി നല്കി. ഉദ്ദവ് വിഭാഗത്തിന്റെ ഹര്ജിയില് ഫെബ്രുവരി 22നാണ് സുപ്രീം കോടതി ഷിന്ഡെ വിഭാഗത്തിന്റെ പ്രതികരണം തേടിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും ജസ്റ്റിസ് പിഎസ് നരസിംഹയും അടങ്ങിയ ബഞ്ചാണ് കേസ് ജൂലൈ 31ന് കേള്ക്കുമെന്ന് വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ ശിവസേനയെന്ന പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏക്നാഥ് ഷിന്ഡെ വിഭാഗത്തിന് നല്കിയിരുന്നു. മെയ് 11ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ഹര്ജിയില് ഉദ്ദവ് പക്ഷം വാദിച്ചിരുന്നു.

തിരഞ്ഞെടുപ്പുകള് അടുത്തിരിക്കുകയാണെന്നും ഷിന്ഡെ പക്ഷം നിയമവിരുദ്ധമായി പാര്ട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുകയാണെന്നും അതിനാല് കേസ് പെട്ടെന്ന് പരിഗണിക്കണമെന്നും ഉദ്ദവ് പക്ഷം ഹര്ജിയില് ആവശ്യപ്പെട്ടിരുന്നു. ഷിന്ഡെ വിഭാഗത്തിന് ശിവസേനയെന്ന പേരും ചിഹ്നവും ഉപയോഗിക്കാന് 2022 ഫെബ്രുവരി 17നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കിയത്.

To advertise here,contact us