സിപിഐഎം, കോണ്ഗ്രസ് വോട്ട് നില ഉയരുന്നു; തൃണമൂല് വിരുദ്ധ വോട്ടുകള് തിരികെയെത്തിക്കാന് ബിജെപി

ബിജെപി 77 സീറ്റുകള് നേടിയ 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 18 സീറ്റുകള് നേടിയ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്ഗ്രസ് സിപിഐഎം വോട്ടുകള് സഹായിച്ചുവെന്നാണ് പാര്ട്ടി വിലയിരുത്തല്

കൊല്ക്കത്ത: പശ്ചിമ ബംഗാളില് തൃണമൂല് വിരുദ്ധ, സിപിഐഎം, കോണ്ഗ്രസ് വോട്ട് പെട്ടിയിലെത്തിക്കാന് ബിജെപി ശ്രമം. ജൂലൈ 8 ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില് കോണ്ഗ്രസ്, സിപിഐഎം പ്രവര്ത്തകര് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആഹ്വാനം ചെയ്തു. കിഴക്കന് മിഡ്നാപ്പൂരില് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുവേന്ദു അധികാരിയുടെ ആഹ്വാനം. തൃണമൂല് വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബിജെപി ക്യാംപുകള് അവകാശപ്പെടുന്നു.

ബംഗാളിന്റെ ചില ഭാഗങ്ങളില് കോണ്ഗ്രസിനും ഇടതുപക്ഷത്തിനും സ്വാധീനം വര്ധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന വിലയിരുത്തല് ബിജെപിക്കുണ്ട്. കോണ്ഗ്രസും സിപിഐഎമ്മും തൃണമൂല് കോണ്ഗ്രസിന്റെ ബി ടീം ആണെന്ന് പട്നയില് ചേര്ന്ന പ്രതിപക്ഷ പാര്ട്ടികളുടെ യോഗത്തെ പരാമര്ശിച്ചുകൊണ്ട് ബിജെപി സുവേന്ദു അധികാരി പറഞ്ഞു.

'പട്നയില് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി മമതയ്ക്കൊപ്പം ബിരിയാണിയും മീന് പൊരിച്ചതും കഴിച്ച് ഇരിക്കുകയാണ്. കോണ്ഗ്രസിനും സിപിഐഎമ്മിനും വോട്ട് ചെയ്യുന്നത് തൃണൂലിന് വോട്ട് ചെയ്യുന്നതിന് സമാനമാണ്. ഇരുവരും തൃണമൂലിന്റെ ബി ടീം ആണ്.' സുവേന്ദു അധികാരി പരിഹസിച്ചു. അതേസമയം ഡല്ഹിയില് കോണ്ഗ്രസിന്റെ ബി ടീം ആണ് സിപിഐഎമ്മും തൃണമൂൽ കോൺഗ്രസും എന്നാല് കേരളത്തില് കോണ്ഗ്രസും സിപിഐഎമ്മും എതിര് ചേരിയിലാണെന്നും ബിജെപി വിമര്ശിച്ചു.

ബിജെപി 77 സീറ്റുകള് നേടിയ 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 18 സീറ്റുകള് നേടിയ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്ഗ്രസ് സിപിഐഎം വോട്ടുകള് സഹായിച്ചുവെന്നാണ് പാര്ട്ടി വിലയിരുത്തല്. 2016 നിയമസഭാ തെരഞ്ഞെടുപ്പില് 10.16 ശതമാനം വോട്ട് നേടിയ ബിജെപി 2019 ല് 38.1 ശതമാനം വോട്ട് ഉറപ്പിച്ചിരുന്നു. ഈ കാലയളവില് സിപിഐഎം വോട്ട് 19.75 ശതമാനത്തില് നിന്നും 4.72 ശതമാനത്തിലേക്ക് ഇടിയുകയും കോണ്ഗ്രസ് വോട്ട് 12.25 ശതമാനത്തില് നിന്നും 2.94 ശതമാനത്തിലേക്ക് ഇടിയുകയുമാണുണ്ടായത്. ഈ കണക്കുകള് നിരത്തിയാണ് ബിജെപി തദ്ദേശ തെരഞ്ഞെടുപ്പ് നീക്കങ്ങള് നടത്തുന്നത്.

2021 നും 2023 നും പശ്ചിമ ബംഗാളില് നടന്ന ഉപതെരഞ്ഞെടുപ്പില് സിപിഐഎം വോട്ടുകള് താരതമ്യേന ഉയരുകയും ബിജെപി മൂന്നാം കക്ഷിയായി പിന്നിലായെന്നുമാണ് കണക്കുകള് സൂചിപ്പിക്കുന്നത്. 2022 ലെ ബല്ലിംഗഞ്ച് ഉപതെരഞ്ഞെടുപ്പില് ബിജെപി വോട്ട് ശതമാനം ഇടിയുകയും സിപിഐഎം വോട്ട് ഉയരുകയുമനുണ്ടായി. പാര്ട്ടിയില് വോട്ട് ചോര്ച്ച ഉണ്ടായെന്നും ഇത് സിപിഐഎമ്മിന് നേട്ടമായെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്. ഈ കണക്കുകള് പരിഗണിച്ച് കൃത്യമായി വോട്ട് ഭിന്നിപ്പിച്ച് പാര്ട്ടിയിലെത്തിക്കാനാണ് ബിജെപി ശ്രമം.

To advertise here,contact us