പക്ഷിപ്പനി: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്ത്തലിന് ആലപ്പുഴയില് നിരോധനം

ആലപ്പുഴ ജില്ലയിലും കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, അടൂര്, കോഴഞ്ചേരി, മല്ലപ്പളളി താലൂക്കുകളിലുമാണ് പുതിയ ബാച്ച് കോഴി, താറാവ് വളര്ത്തലിന് നിരോധനം

ന്യൂഡല്ഹി: 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്ത്തലിന് ആലപ്പുഴ ജില്ലയില് നിരോധനം. കേന്ദ്ര-സംസ്ഥാന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിലെ പക്ഷിപ്പനിയുടെ ഗുരുതര സാഹചര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി എന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കര്ഷകര്ക്ക് നഷ്ടപരിഹാരം നല്കാന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ഉടന് നല്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി രാജീവ് രഞ്ജന് സിംഗ്, സഹമന്ത്രി ജോര്ജ് കുര്യന് എന്നിവരുമായി ചിഞ്ചുറാണി നടത്തിയ കൂടിക്കാഴ്ചയിലാണ് പക്ഷിപ്പനി ബാധിത മേഖലകളില് പ്രത്യേക പാക്കേജ്, നഷ്ടപരിഹാരം എന്നിവ വേഗത്തില് ലഭിക്കാന് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.

ആലപ്പുഴ ജില്ലയിലും കോട്ടയം വൈക്കം, ചങ്ങനാശ്ശേരി, അടൂര്, കോഴഞ്ചേരി, മല്ലപ്പളളി താലൂക്കുകളിലുമാണ് പുതിയ ബാച്ച് കോഴി, താറാവ് വളര്ത്തലിന് നിരോധനം. പുതിയ ബാച്ച് ഇറക്കുന്നത് പക്ഷിപ്പനി രോഗവ്യാപനം രൂക്ഷമാക്കുമെന്ന പഠന റിപ്പോര്ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില് ജനപ്രതിനിധികളുമായും കര്ഷകരുമായും ആശയ വിനിമയം നടത്തിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.

കൊല്ലുന്ന വലിയ കോഴി, താറാവ് എന്നിവക്ക് 200 രൂപയും, 2 മാസം പ്രായമുള്ളവക്ക് 100 രൂപയും, മുട്ടക്ക് ഒന്നിന്ന് 5 രൂപയും നഷ്ടപരിഹാരം നല്കാന് സര്ക്കാര് തീരുമാനിച്ചു. കര്ഷകര്ക്ക് നല്കാനുള്ള നഷ്ടപരിഹാര ഇനത്തില് സംസ്ഥാനത്തിന് കേന്ദ്രത്തില് നിന്ന് 6.2 കോടി ലഭിക്കാനുണ്ട്. പാലോട് വെറ്റിനറി ലാബ് മൂന്നാം ലെവല് ലാബായി ഉയര്ത്തണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

To advertise here,contact us