പാലക്കാട്: ഒന്നര ദിവസം നിർത്താതെ പറന്ന് റെക്കോർഡിട്ട് പാലക്കാട് പേഴുങ്കര സ്വദേശിയുടെ പ്രാവ്. പേഴുങ്കര വടക്കേപ്പറമ്പ് സ്വദേശി ഇബ്രാഹിമിൻ്റെ പ്രാവാണ് പ്രാവ് പറത്തൽ മത്സരത്തിൽ 33 മണിക്കൂർ 28 മിനിറ്റ് നേരം നിർത്താതെ പറന്ന് ഒന്നാം സ്ഥാനം നേടിയത്. കണക്കുകൾ പ്രകാരം ഈ പ്രകടനം ലോക റോക്കോർഡാണെന്നാണ് സംഘാടകർ പറയുന്നത്.
ശനിയാഴ്ചയാണ് പാലക്കാട് വെച്ച് പ്രാവ് പറത്തൽ മത്സരം നടന്നത്. രാവിലെ 6.55 നാണ് മത്സരം ആരംഭിച്ചത്. മത്സരത്തിൽ പങ്കെടുത്ത മറ്റു പ്രാവുകളെല്ലാം മണിക്കൂറുകൾ കൊണ്ട് തിരിച്ചിറങ്ങിയപ്പോൾ പാലക്കാട് പേഴുംങ്കര വടക്കേപ്പറമ്പ് സ്വദേശി ഇബ്രാഹിമിൻ്റെ പ്രാവ് മാത്രം ആകാശത്ത് പറന്നുനടന്നു. മണിക്കൂറുകൾ പലതും കടന്നുപോയി. പകൽ പോയി രാത്രിയായി. പക്ഷേ ഇബ്രാഹീമിൻ്റെ പ്രാവ് മാത്രം നിലത്തിറങ്ങാതെ ഉയർന്ന് പറന്നു. ഒടുവിൽ പ്രാവ് പറത്തൽ മത്സരത്തിൽ ലോകത്തെ എല്ലാ കണക്കുകളും പഴങ്കഥയാക്കി കൊണ്ടാണ് ഒന്നാം സ്ഥാനവും റെക്കോർഡും നേടി ഇബ്രാഹിമിന്റെ പ്രാവ് മത്സരം അവസാനിപ്പിച്ചത്.
ജോയിക്കായുള്ള തെരച്ചില് ഇന്നും തുടരും; നേവിയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന
മുമ്പ് പാകിസ്താൻ പൗരൻ്റെ ഉടമസ്ഥതയിലുള്ള പ്രാവിൻ്റെ പേരിലായിരുന്നു ഏറ്റവും കൂടുതൽ നേരം നിർത്താതെ പറന്നതിൻ്റെ റെക്കോർഡ്. ഈ റെക്കോർഡാണ് നൂറിലധികം പേർ പങ്കെടുത്ത ടൂർണമെൻ്റിൽ വെച്ച് ഇബ്രാഹിമിൻ്റെ വെള്ളാൾ ഇനത്തിൽപ്പെട്ട പ്രാവ് തകർത്തത്. വഴിയോര കച്ചവടക്കാരനായ ഇബ്രാഹിമിന് 80 ലധികം പ്രാവുകളുണ്ട്. ചെറുപ്പത്തിൽ തന്നെ പ്രാവ് വളർത്തൽ ഹരമായി മാറിയ ഇബ്രാഹിം, പതിയെ മത്സര രംഗത്തേക്ക് തിരിയുകയായിരുന്നു. വർഷത്തിൽ 15 മത്സരങ്ങളിൽ പ്രാവിനെ പങ്കെടുപ്പിക്കും. മത്സരത്തിന് ഒരു മാസം മുമ്പ് തന്നെ ഓരോ മണിക്കൂർ പറത്തി പ്രാവിന് പരീശീലനം നൽകിയിരുന്നു.